
കോഴിക്കോട്: സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിയില്‍ സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി സമസ്ത (Samastha). കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും പദ്ധതിക്കായി സ്ഥാപിക്കുന്ന അതിരടയാള കല്ലുകള്‍ പിഴുതെറിയുന്നതടക്കമുളള പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷവും നിലയുറപ്പിച്ച ഘട്ടത്തിലാണ് ഈ വിഷയത്തില്‍ സമസ്ത നിലപാട് വ്യക്തമാക്കുന്നത്. പദ്ധതി മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ തളളാതെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് സംഘടനയുടെ മുഖപത്രത്തിലെഴുതിയ മുഖപ്രസംഗത്തിലൂടെ സമസ്ത മുന്നോട്ട് വയ്ക്കുന്നത്.
പദ്ധതി നാടിനാവശ്യമെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ച സമരം സംസ്ഥാനത്ത് ക്രമസമാധാന നില തീര്‍ത്തേക്കാമെന്നും സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയല്‍ പറയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മുസ്ലിം ലീഗ് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമസ്തയുടെ ഈ നിലപാട്. പദ്ധതി സംബന്ധിച്ച് പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന മുഖപ്രസംഗത്തില്‍ അതിരടയാള കല്ലുകളിടുന്നത് അടക്കമുളള നടപടികളെ തളളിപ്പറയുന്നില്ല. മറിച്ച് പദ്ധതി സംബന്ധിച്ച് കൂടുതല്‍ കൃത്യത ലഭിക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് മുഖപ്രസംഗം പറയുന്നു.
അതേസമയം ഈ വിഷയത്തില്‍ പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുളള സമരരീതിയോടുളള വിയോജിപ്പും സമസ്ത വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്കായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം കേരളത്തിന്‍റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പദ്ധതിയെ എതിര്‍ക്കുന്നവരും കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകേട്ട് തെരുവിലിറങ്ങിയാല്‍ അത് വലിയ അക്രമത്തിലാകും കലാശിക്കുകയെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും പദ്ധതി പ്രദേശത്തെ ജനങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പരിഗണിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും മുഖപ്രസംഗം നിര്‍ദ്ദേശിക്കുന്നു.
സമുദായ സംഘടനയെന്ന നിലയില്‍ സമസ്ത അതിന്‍റെ സ്വതന്ത്ര വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുമെന്ന സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെ പിന്‍പറ്റിയാണ് ഇന്നത്തെ മുഖപ്രസംഗമെന്ന് വ്യക്തം. അതിനിടെ സമസ്തയുടെ ഈ നിലപാടിന് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ എഴുതിയ ലേഖനവും ഇന്നത്തെ സുപ്രഭാതം ദിനപത്രത്തിലുണ്ട്. പാര്‍ട്ടി വേറെ മതം വേറെ. രണ്ടും കൂട്ടിക്കലര്‍ത്തി ഇരുകൂട്ടരും സമൂഹത്തില്‍ നാശം വിതയ്ക്കരുത് എന്നുമാണ് കെഎന്‍എ ഖാദറിന്‍റെ ലേഖനത്തിലുളളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam