
ദില്ലി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്‍റെ ഹർജി തള്ളിയതാണെന്ന് കോടതി പറഞ്ഞു. അതേസമയം, അരിക്കൊമ്പനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഓൺലൈനായി യോഗം ചേരുകയാണ്. സ്ഥലം തീരുമാനിച്ചാൽ രഹസ്യമായി സർക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനാണ് സാധ്യത.
അതിനിടെ, ഇടുക്കിയിലെ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രൻ്റെ വീടിന്‍റെ കതകും ഷെഡും കാട്ടാന തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ലീല മാത്രമാണ് ഇവിടെ താമസിക്കുന്നത്. കാട്ടാന ശല്യമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ലീല സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഇന്നലെയും ഇവർ വീട്ടിലില്ലാതിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. വീടിനോട് ചേർന്നുള്ള ഷെഡും അടുക്കളയുടെ കതകും ആന തകർത്തു. ഇന്നലെ വൈകുന്നേരം ഈ ഭാഗത്ത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയുണ്ടായിരുന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. അരിക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam