സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ? പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി

Published : Mar 14, 2022, 12:35 PM ISTUpdated : Mar 14, 2022, 12:39 PM IST
സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ? പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി

Synopsis

രണ്ടരവർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു.

ദില്ലി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ (Personal Saff Appointment ) സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി (Supreme Court). രണ്ടരവർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പൊതുമേഖല എണ്ണകമ്പനികള്‍ അധിക ഇന്ധനവില ഈടാക്കുന്നുവെന്നും വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം എന്നുമാവശ്യപ്പട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.  സര്‍ക്കാര്‍ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് പെന്‍ഷന്‍ കാര്യം ഉയര്‍ത്തി കോടതി മറുചോദ്യം ഉന്നയിച്ചത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെ സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല.

സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും. 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്. 

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരുന്നു ഇക്കാര്യത്തിലുള്ള അതൃപ്തി ​ഗവർണർ പരസ്യമാക്കിയത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷന് അർഹരാവും എന്ന ചട്ടം റദ്ദാക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സി എ ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്. 
 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും