
ദില്ലി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രീംകോടതി ആറുമാസത്തെ സാവകാശം കൂടി അനുവദിച്ചു. വിചാരണ കോടതി ജഡ്‍ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. ലോക്ക് ഡൗണായതിനാല്‍ സുപ്രീംകോടതി നിശ്ചയിച്ച സമയത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായില്ലെന്ന് ജഡ്‍ജി നേരിട്ട് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ആറുമാസത്തേക്ക് കൂടി സമയം നീട്ടി നൽകിയത്. ഇതോടെ കേസിലെ വിചാരണ 2021 ഫെബ്രുവരി മാസത്തിനകം പൂര്‍ത്തിയാക്കിയാൽ മതി.
ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. എന്നാല്‍, കൊവിഡ് വ്യാപിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്. പല തവണ പ്രതികളായ ദിലീപും മറ്റും മേൽക്കോടതികളിലടക്കം ഹർജി നൽകിയതിനാൽ കേസിന്‍റെ വിചാരണ തന്നെ രണ്ടരവർഷത്തോളം വൈകിയാണ് തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച് കേസ് പരിഗണിക്കാൻ വനിതാ ജഡ്‍ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്‍ജിയായിരുന്ന ഹണി വർഗീസിനെ ഈ കേസിന്‍റെ വിചാരണയ്ക്കായി നിയോഗിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam