തിരുവിതാംകൂർ ദേവസ്വത്തിന് ആശ്വാസം: പൂജ - വഴിപാട് സാമഗ്രികളുടെ വിതരണം പഴയപടി തുടരാം

By Web TeamFirst Published Jul 4, 2019, 5:30 PM IST
Highlights

തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് പൂജാ സാമഗ്രികളും വഴിപാട് സാമഗ്രികളും കേന്ദ്രീകൃത സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യാവൂ എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 

ദില്ലി: ക്ഷേത്രങ്ങളിലേക്കാവശ്യമായ പൂജ - വഴിപാട് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തത്കാലം നിലവിലെ സംവിധാനം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്. ആവശ്യമായ പൂജാ സാമഗ്രികൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യാവൂ എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. 

അതേസമയം, സാമഗ്രികളുടെ ഗുണനിലവാരം വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്ന് ദേവസ്വം ബോർഡിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ഇനി ആഗസ്റ്റ് 30-ന് പരിഗണിക്കും.

പുതിയ സാമ്പത്തിക വർഷം തുടങ്ങി മൂന്ന് മാസത്തിനകം കേന്ദ്രീകരണ സംവിധാനം വഴി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ പൂജാ സാമഗ്രികളുടെ വിതരണം തന്നെ സ്തംഭിച്ചു.

1250 ക്ഷേത്രങ്ങളിൽ 1100 എണ്ണത്തിലും ലേലത്തിലൂടെ ചുമതലയേറ്റ കരാറുകാരാണ് പൂജാ സാമഗ്രികൾ എത്തിച്ചിരുന്നത്. ഇവരുടെ കാലാവധി മാർച്ചോടെ അവസാനിച്ചു. പുതിയ കരാർ കിട്ടില്ലെന്നുറപ്പായതോടെ, തൽക്കാലം മൂന്ന് മാസത്തേയ്ക്കായി പൂജാ വസ്തുക്കൾ എത്തിക്കാൻ കരാറുകാർക്കും വിമുഖതയുണ്ട്. 

ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വംബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. തൽക്കാലം പഴയ സംവിധാനം തുടരാമെന്നും എന്നാൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

click me!