
ദില്ലി: നാട്ടാനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിഷയം പരിഗണിക്കാൻ ഹൈക്കോടതിയാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കേരളത്തിലെ നാട്ടാനകളുമായി ബന്ധപ്പെട്ടുള്ള ഹർജികളിൽ സുപ്രീകോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് നീരീക്ഷണം.
കേരളത്തിൽ നാട്ടാനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ചട്ടലംഘനങ്ങളാണ് നടക്കുന്നതെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 135 ആനകൾ കേരളത്തിൽ ചരിഞ്ഞതായും ഹർജിക്കാർ വാദിച്ചു. എന്നാൽ ഈക്കാര്യങ്ങളിൽ കൃത്യമായി ഇടപെടൽ നടത്താനാകുന്നത് ഹൈക്കോടതിക്ക് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രാധന്യമുള്ള പല വിഷയങ്ങളും രാജ്യത്തുണ്ടെന്നും ഇതിൽ എല്ലാം സുപ്രീംകോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതികളുടെ തീരുമാനങ്ങളിൽ പിഴവുണ്ടെങ്കിൽ ആ കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടൽ നടത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, നാട്ടാനകൾക്ക് എതിരെ രാജ്യവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളെ സംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഡിസംബറിൽ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam