മരട് ഫ്ലാറ്റുകൾ തൽക്കാലം പൊളിക്കില്ല, ആറാഴ്ച തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്

By Web TeamFirst Published Jun 10, 2019, 12:46 PM IST
Highlights

താമസക്കാരുടെ വാദം കേൾക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന ഹർജി സുപ്രീം കോടതി ജൂലൈ ആദ്യവാരം വിശദമായി പരിഗണിക്കും. 

കൊച്ചി: മരടിൽ ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാതെ തൽസ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി. ആറാഴ്‌ചത്തേക്ക് പൊളിക്കേണ്ടെന്നാണ് ഉത്തരവ്. ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നി‍ർദേശം.

താമസക്കാർ നൽകിയ ഹർജി, ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. ജൂലൈ ആദ്യവാരം ബഞ്ച് ഈ ഹർജി പരിഗണിക്കും. താമസക്കാരുടെ വാദം കേൾക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.

ഫ്ലാറ്റുകൾ ഉടമകൾ തന്നെ പൊളിച്ചു നീക്കണമെന്നായിരുന്നു നേരത്തെയുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതറിയിച്ചുകൊണ്ട് ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. 

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഫ്ലാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. 

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്. 

click me!