മരട് ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം താൽക്കാലിക നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

Published : Sep 27, 2019, 01:11 PM ISTUpdated : Sep 27, 2019, 04:48 PM IST
മരട് ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം താൽക്കാലിക നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

Synopsis

മരട് ഫ്ലാറ്റുകൾ 120 ദിവസത്തിനകം പൊളിയ്ക്കുമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ. ഓരോ ഫ്ലാറ്റുടമയ്ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നാലാഴ്ചയ്ക്ക് അകം നൽകണമെന്ന് സുപ്രീംകോടതി.

ദില്ലി/കൊച്ചി: മരടിൽ തീരദേശസംരക്ഷണ നിയമം ലംഘിച്ച് നിർമിച്ചതായി കണ്ടെത്തിയ അഞ്ച് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇത് നാലാഴ്ചയ്ക്കുള്ളിൽ കൊടുത്തു തീർക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഒക്ടോബർ 11-ന് കെട്ടിടം പൊളിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും ഇതിനായി 100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. ഇത് മുഴുവൻ ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കും.

മരട് ഫ്ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിർണായകമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നാലാഴ്ചയ്ക്ക് അകം ഫ്ലാറ്റുടമകൾക്ക് ഈ തുക സംസ്ഥാനസർക്കാർ കൊടുത്തുതീർക്കണം. അതിൽ പിഴവുണ്ടാകാൻ പാടില്ല. പിന്നീട് ഈ തുക തീരദേശ സംരക്ഷണ നിയമം കാറ്റിൽ പറത്തി ഫ്ലാറ്റുകൾ നിർമിച്ച നിർമാതാക്കളിൽ നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Read More: 'മരടി'ലെ ശകാരം സർക്കാരിനും ഇടത് മുന്നണിക്കും ഇരട്ടപ്രഹരം: മിണ്ടാതെ ചീഫ് സെക്രട്ടറി

ഇപ്പോൾ നൽകുന്ന 25 ലക്ഷം രൂപ എന്നത് താൽക്കാലിക നഷ്ടപരിഹാരം മാത്രമാണ്. നഷ്ടം കണക്കാക്കി ബാക്കിയെത്ര തുക നഷ്ടപരിഹാരം നൽകണമെന്ന് കണക്കാക്കാൻ വിരമിച്ച ഒരു ജഡ്ജി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊളിയ്ക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത് കൂടി ഈ കമ്മിറ്റിയുടെ ചുമതലയാണ്. ഈ സമിതിയിൽ ആരൊക്കെ വേണമെന്ന് സർക്കാരിന് ശുപാർശ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ഫ്ലാറ്റ് നിർമാതാക്കളോ അതിന്‍റെ ഡയറക്ടർ ബോർഡ് അംഗങ്ങളോ സ്വന്തം പേരിലുള്ള സ്വത്ത് വേറെ ആർക്കെങ്കിലും എഴുതി നൽകുന്നത് ഇതോടെ കോടതി വിലക്കി. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

ജസ്റ്റിസുമാരായ അരുൺ മിശ്ര, രവീന്ദ്ര ഭട്ട് എന്നിവർ അംഗങ്ങളായ ബഞ്ചിന്‍റേതാണ് ഉത്തരവ്. സമയം വൈകാതെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടി തുടങ്ങണമെന്ന് സർക്കാരിനോട് സുപ്രീംകോടതി കർശനിർദേശം നൽകി. 

ഫ്ലാറ്റ് പൊളിയ്ക്കലിന് കർമപദ്ധതിയുമായി സർക്കാർ

മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ കൃത്യമായ കർമപദ്ധതിയുമായാണ് സംസ്ഥാനസർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീംകോടതിയിലെത്തിയത്. ഒക്ടോബർ 9-ന് പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങും. 90 ദിവസത്തിനകം പൊളിച്ചുനീക്കൽ നടപടികൾ പൂർത്തിയാക്കും. 

ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചുവെന്ന് അഭിഭാഷകനായ ഹരീഷ് സാൽവേ കോടതിയിൽ അറിയിച്ചു.

Read More: മരട് ഫ്ലാറ്റുകളിലെ കുടിവെള്ള വിതരണവും നിർത്തി, കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഫ്ലാറ്റ് ഉടമകൾ

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ സംസ്ഥാനസർക്കാരിനും സുപ്രീംകോടതിയ്ക്കുമെതിരെ രൂക്ഷവിമർശനങ്ങളാണ് സുപ്രീംകോടതി നടത്തിയത്. കോടതിയുടെ വിധി നടപ്പാക്കാതിരിക്കാൻ ഒഴികഴിവ് പറയുകയാണ് സംസ്ഥാനസർക്കാരെന്നും, പൊളിയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നേരിട്ട് തരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊളിയ്ക്കാനുള്ള സമയപരിധിയും നഷ്ടപരിഹാരവുമടക്കം സുപ്രീംകോടതി നേരിട്ട് നിശ്ചയിച്ചത്. 

Read Now: 'നിലപാട് ഞെട്ടിപ്പിക്കുന്നു', മരട് കേസിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ ശകാരം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ഭാവഭേദമില്ലാതെ പൾസർ സുനി, കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, ശിക്ഷാവിധി ഇന്ന് തന്നെ
ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല