വീണ്ടും മരട് ഫ്ലാറ്റുടമകളുടെ ഹർജി തള്ളി സുപ്രീംകോടതി, മൂന്നംഗ സമിതി റിപ്പോർട്ട് റദ്ദാക്കില്ല

By Web TeamFirst Published Sep 30, 2019, 11:55 AM IST
Highlights

നിയമലംഘനം പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

ദില്ലി: മരട് കേസില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി. കായലോരം ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ കോടതി തള്ളിയത്. നിയമലംഘനം പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. കൂടാതെ മൂന്നംഗ സമിതി സുപ്രീംകോടതിയെ കബളിപ്പിച്ചുവെന്നും, മൂന്നംഗ സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിച്ചത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ഹര്‍ജിയില്‍ ഫ്ലാറ്റ് ഉടമകള്‍ ചുണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മൂന്നംഗ സമിതി നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഫ്ലാറ്റ് ഉടമകളുടെ ഭാഗം കേട്ട് തീരുമാനം എടുക്കണമെന്നുമുള്ള ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. 

പരാതിയുമായി ഫ്ലാറ്റുടമകൾ

മൂന്നാം തിയതി വരെയാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനായി ഉടമകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. അടിയന്തര നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഉടനെയും ബാക്കി തുകയും എത്രയും പെട്ടെന്ന് നൽകാമെന്ന ഉറപ്പ് കിട്ടിയെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് ഉടമകള്‍ ഒഴിയുന്നത്. നാലാം തീയതി രാവിലെ വരെ വൈദ്യുതി, ജലവിതരണം തുടങ്ങിയവ ഫ്ലാറ്റ് ഉടമകള്‍ക്ക് ലഭ്യമാക്കും. മരടിലെ താമസക്കാര്‍ക്കായി 521 ഫ്ലാറ്റുകള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ മാറിത്താമസിക്കാനായി നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം. 

ഫ്ലാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്‍റെ അറിയിപ്പ്. എന്നാല്‍ മാറിത്താമസിക്കാനായി നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു.  ഫ്ളാറ്റുകളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ ലഭിക്കുന്നത് മോശമായ മറുപടിയാണ്. വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്ലാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയത്. ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തി മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണ് ഇവര്‍.  അതേസമയം ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക ദുരീകരിക്കുന്നതിനായി യോഗം വിളിക്കുമെന്ന് നഗരസഭ അധ്യക്ഷ ടി എച്ച് നദീറ  വ്യക്തമാക്കി.

Read Also: മാറാൻ തന്ന ഫ്ലാറ്റുകളിൽ ഒഴിവില്ല, വിളിച്ചാൽ മോശം പ്രതികരണം: പ്രതിഷേധവുമായി ഫ്ലാറ്റുടമകൾ

 

click me!