Asianet News MalayalamAsianet News Malayalam

മാറാൻ തന്ന ഫ്ലാറ്റുകളിൽ ഒഴിവില്ല, വിളിച്ചാൽ മോശം പ്രതികരണം: പ്രതിഷേധവുമായി ഫ്ലാറ്റുടമകൾ

521 ഫ്ലാറ്റുകളാണ് മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് താമസിക്കാനായി കണ്ടെത്തിയത്. എന്നാല്‍ ഇവിടെ ഒഴിവില്ലെന്നാണ് ഇവരുടെ ആരോപണം. ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തേണ്ട അവസ്ഥയിലാണ് മരട് ഫ്ലാറ്റ് ഉടമകള്‍.

Maradu flat owners says no vacancy in apartments
Author
Kochi, First Published Sep 30, 2019, 9:51 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴുപ്പിക്കപ്പെടുന്നവര്‍ക്ക് മാറിതാമസിക്കാനായി നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന് ആരോപണം. മരടിലെ താമസക്കാര്‍ക്കായി 521 ഫ്ലാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ലാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്‍റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു. 

ഫ്ളാറ്റുകളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ ലഭിക്കുന്നത് മോശമായ മറുപടിയാണ്. വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്ലാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയത്. ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തി മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. തങ്ങളുടെ പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും ഫ്ലാറ്റ് ഉടമകള്‍  പറഞ്ഞു.

മൂന്നാം തിയതി വരെയാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനായി ഉടമകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കും, വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികൾ ജില്ലാ ഭരണകൂടത്തിന്‍റെ സംരക്ഷണയിൽ സൂക്ഷിക്കും തുടങ്ങിയ ഉറപ്പുകള്‍ കളക്ടര്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.

അതേസമയം സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനെതിരെ മരട് നഗരസഭാ അധ്യക്ഷയും കൗണ്‍സിലര്‍മാരും ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ മരട് നഗരസഭയെ സ്നേഹില്‍ കുമാര്‍ അറിയിച്ചില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മരട് നഗരസഭയുടെ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് പത്തരയോടെ ചേരും. സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ നേരിട്ടെത്തി ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറിയുടെ ചുമതലകൂടി നല്‍കി നിയോഗിച്ച സബ് കളക്ടര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നഗരസഭാ ചെയർപേഴ്‍സൺ ടി എച്ച് നദീറ പരാതി ഇന്നലെ നൽകിയിരുന്നു. എന്നാൽ ഫ്ലാറ്റ് പൊളിയ്ക്കലിനുള്ള ചുമതല മാത്രമേ തനിക്കുള്ളൂ എന്ന് ചൂണ്ടിക്കാട്ടി പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് സെക്രട്ടറി സ്നേഹിൽ കുമാർ ഐഎഎസ് വിട്ടുനിന്നിരുന്നു. 

Read Also: മരട് പുനരധിവാസം ഇങ്ങനെ: 521 ഫ്ലാറ്റുകളിൽ നിന്ന് ഉടമകൾക്ക് വേണ്ടതെടുക്കാം, വാടക നൽകണം...

സെക്രട്ടറി ഇല്ലാതെ യോഗം ചേരുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അജണ്ടകൾ എടുക്കാതെ യോഗം നിർത്തിവെച്ചു. നഗരസഭാ പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാർ ആണെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ സർക്കാരിന് കത്ത് നൽകുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭരണകാര്യങ്ങൾ നിർവഹിക്കാൻ പുതിയ സെക്രട്ടറിയെ സര്‍ക്കാര്‍ ഇന്നലെ നിയോഗിച്ചിരുന്നു. മുൻസിപ്പൽ സെക്രട്ടറി ആരിഫ് ഖാനാണ് മരട് നഗരസഭയിലെ ഭരണകാര്യങ്ങളുടെ ചുമതല.

Read Also: സ്നേഹിൽ കുമാറിന് ഫ്ലാറ്റ് പൊളിയ്ക്കൽ ചുമതല മാത്രം, മരട് നഗരസഭാ ചുമതല മുൻ സെക്രട്ടറിക്ക്

 

Follow Us:
Download App:
  • android
  • ios