പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കില്ല; അഭയ കേസ് പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

By Web TeamFirst Published Jul 15, 2019, 5:15 PM IST
Highlights

കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിൽ വെച്ച് സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ തളളി എന്ന കുറ്റത്തിനാണ് ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടുന്നത്. 

ദില്ലി: പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭയകേസിലെ ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നൽകിയ ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകൾ ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഫാദര്‍ തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ തെളിവിന്‍റെ അഭാവമില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശക്തമാണെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ കണ്ടെത്തൽ. 

ഇരുവരും വിചാരണ നേരിടണമെന്നും കഴിഞ്ഞ ഏപ്രിൽ ഒന്‍പതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും സുപ്രീംകോടതിയിലെത്തിയത്. മുതിര്‍ന്ന അഭിഭാഷകരായ മുകുൾ റോത്തഗിയും മനു അഭിഷേക് സിംഗ്‍വിയും ഇവര്‍ക്കായി ഹാജരായെങ്കിലും കൂടുതൽ വാദങ്ങളിലേക്ക് കടക്കാതെ തന്നെ ഹര്‍ജികൾ തള്ളി. 

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ സിസ്‍റ്റര്‍ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ 2009 ജൂലൈയില്‍ കുറ്റപത്രം നൽകി. കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കേരള ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണനടപടിൾ സ്തംഭിച്ചു. 

കേസിലെ ഒന്നും മൂന്നും പ്രതികൾ വിചാരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചതോടെ സംഭവം നടന്ന് 27 വര്‍ഷത്തിന് ശേഷം അഭയകേസിലെ വിചാരണയ്‍ക്കുള്ള തടസങ്ങൾ നീങ്ങുകയാണ്. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃകയിലിനെയും നാലാംപ്രതി കെ ടി മൈക്കിളിനെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ആ ഉത്തരവ് ചോദ്യം ചെയ്ത് അടുത്ത ആഴ്ച സുപ്രീംകോടതിയിൽ ഹര്‍ജി നൽകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചു.

 

click me!