'നേതൃത്വമറിയാതെ ആശുപത്രി വാങ്ങി'; ജയലാലിനെതിരായ വിവാദം ചർച്ചയാക്കാതെ സിപിഐ എക്സിക്യൂട്ടീവ്

By Web TeamFirst Published Jul 11, 2019, 4:44 PM IST
Highlights

ആശുപത്രി വാങ്ങാൻ മുൻകൂറായി ഒരു കോടി നൽകി. ബാക്കി തുകയ്ക്കായി ജി എസ് ജയലാൽ പാർട്ടിയെ സമീപിച്ചപ്പോഴാണ് ജില്ലാ നേതാക്കൾ പോലും വിവരമറിഞ്ഞത്.

തിരുവനന്തപുരം: സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയെന്ന ചാത്തന്നൂര്‍ എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജി എസ് ജയലാലിനെതിരായ വിവാദം ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്തില്ല. 22 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം വിഷയം ചർച്ച ചെയ്യും. ജില്ലാ കൗൺസിൽ ചർച്ച ചെയ്ത ശേഷമായിരിക്കും സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം പരിഗണിക്കുക.

പാർട്ടി സെക്രട്ടറി കാനംരാജേന്ദ്രനെ നേരിൽ കണ്ട് ജയലാൽ വിശദീകരണം നൽകിയിയിരുന്നു. ജയലാൽ പ്രസിഡന്‍റായ സഹകരണ സംഘത്തിന്‍റെ പേരിലാണ് ആശുപത്രി വാങ്ങിയത്. ജയലാലിന്‍റെ സാമ്പത്തിക സ്രോതസിനെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

ജി എസ് ജയലാൽ എംഎല്‍എ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചത്. വിലയായ അഞ്ച് കോടി രൂപയില്‍ ഒരു കോടി രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക കണ്ടെത്താനായി ഓഹരി സമാഹരിക്കാൻ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാൽ കത്ത് നൽകിയപ്പോഴാണ് ആശുപത്രി വാങ്ങുന്ന കാര്യം ജില്ലയിലെ നേതാക്കള്‍ പോലും അറിയുന്നത്. 

സിപിഐയുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അച്യുതമേനോൻ സ്മാരക സഹകരണ ആശുപത്രി വീണ്ടും തുറക്കുന്നതിന് ഓഹരി സമാഹരിക്കാൻ കൊല്ലം ജില്ലാ നേതൃത്വം ഔദ്യോഗികമായി തീരുമാനിച്ചതിനിടെയുള്ള ജയലാലിന്‍റെ നീക്കത്തിനെതിരെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. 

ആരോഗ്യ മേഖലയിൽ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആശുപത്രി വാങ്ങാൻ തീരുമാനിച്ചതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ജി എസ് ജയലാൽ എംഎല്‍എയുടെ പ്രതികരണം.

click me!