ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തും: വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി

Published : Jul 17, 2023, 12:32 PM IST
ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തും: വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി

Synopsis

വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്

ദില്ലി: തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹർജി അനുവദിച്ചാൽ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹർജിയും കോടതിയിലെത്തും. അതിനാൽ ഇപ്പോൾ പോകുന്ന പോലെ ട്രെയിൻ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മലപ്പുറം തിരൂർ സ്വദേശിയായ പിടി ഷീജിഷ് ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എംഎസ് വിഷ്ണു ശങ്കർ എന്നിവരാണ് ഹാജരായത്.

വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു ഹർജിക്കാരന്‍റെ  വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇത് തള്ളിയിരുന്നു. തുടർന്നാണ് ഷീജിഷ് സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിന് അവകാശമുണ്ടെന്നുമായിരുന്നു വാദം. ആദ്യം റെയില്‍വേ പുറത്തിറക്കിയ  ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും  തിരൂര്‍ സ്വദേശി കൂടിയായ  പി.ടി. ഷീജിഷ് ഹർജിയിൽ പറയുന്നു. തീരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയല്‍ ചെയ്തത്.

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ