ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റ സംവരണത്തിന് അർഹതയുണ്ട്; കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു

By Web TeamFirst Published Jun 28, 2021, 2:36 PM IST
Highlights

ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്ന് ശതമാനം സംവരണം, ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ബാധകമല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് സുപ്രീംകോടതി വിധി. 

ദില്ലി: ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചവരാണെങ്കിലും ഭിന്നശേഷിക്കാരാണെങ്കിൽ അവര്‍ സംവരണത്തിന് അര്‍ഹരാണെന്ന് സുപ്രീംകോടതി വിധി. ഭിന്നശേഷിയുളളവര്‍ സംവരണ ആനുകൂല്യം എപ്പോൾ ആവശ്യപ്പെടുന്നോ അന്ന് മുതൽ നൽകണമെന്നും കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദേശം നല്‍കി,

ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്ന് ശതമാനം സംവരണം, ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ബാധകമല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് സുപ്രീംകോടതി വിധി. ഭിന്നശേഷിക്കാര്‍ ജനറൽ വിഭാഗത്തിൽ ജോലിയിൽ  പ്രവേശിച്ചു എന്നത് ഉദ്യോഗ കയറ്റത്തിനുള്ള സംവരണത്തിന് തടസ്സമെന്ന് കോടതി പറഞ്ഞു. ഭിന്നശേഷിയുള്ളവരാണെങ്കിൽ ഉദ്യോഗ കയറ്റത്തിൽ അവര്‍ ഒരുപോലെ സംവരണത്തിന് അര്‍ഹരാണ്. ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചോ, സംവരണം അനുസരിച്ച് ജോലിയിൽ പ്രവേശിച്ചോ എന്നത് പ്രസക്തല്ല. എന്ന് മുതൽ ആവശ്യപ്പെടുന്നോ അന്ന് മുതൽ അവര്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു. 

ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം ഉറപ്പാക്കിക്കൊണ്ട് 2016 ൽ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിൽ ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിപ്പിക്കുന്ന ഭിന്നശേഷിക്കാര്‍ പിന്നീട് സംവരണത്തിന് പുറത്താകുന്ന വ്യവസ്ഥ ചോദ്യം ചെയ്ത് ഇടുക്കിയിലെ സര്‍ക്കാര്‍ ജീവനക്കാരിയായ ലീസമ്മ ജോസഫ് നൽകിയ ഹര്‍ജിയിൽ ഉദ്യോഗകയറ്റത്തിന് ഭിന്നശേഷിക്കാര്‍ ഒരുപോലെ അര്‍ഹരാണെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആ വിധിയാണ് ഇപ്പോൾ സുപ്രീംകോടതിയും ശരിവെച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!