കൂടത്തായി കേസിൽ ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു, നോട്ടീസയച്ചു

By Web TeamFirst Published Feb 8, 2021, 12:26 PM IST
Highlights

14 വർഷത്തിനിടെ നടന്ന ആറ് കൊലപാതകങ്ങളുടേയും കൊലപാതക ശ്രമങ്ങളുടെയും കേസിലാണ് പ്രതി ജോളി ജോസഫിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

ദില്ലി: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതി ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്നമ്മ വധക്കേസിൽ ഹൈക്കോടി നൽകിയ ജാമ്യമാണ് സ്റ്റേ ചെയ്തത്. ജോളിക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ ജോളിക്ക് കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് ആണ് ജാമ്യം സ്റ്റേ ചെയ്തത്. ആറ് കേസുകളും പരസ്‍പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

2019 ഒക്ടോബർ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം കല്ലറകള്‍ തുറന്നത്. കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ അടക്കം ചെയ്ത സിലി, മകൾ ആൽഫൈൻ, കൂടത്തായി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടിൽ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യൂ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഒക്ടോബർ നാലിന് പുറത്തെടുത്തത്. ഇതോടെ ആറ് മരണവും കൊലപാതകമെന്ന് നാടറിഞ്ഞു. 

പിന്നീട് പുറത്ത് വന്നത് 14 വർഷത്തിനിടെ നടന്ന ആറ് കൊലപാതകങ്ങളുടേയും കൊലപാതക ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന കഥകളായിരുന്നു. പൊന്നാമറ്റം റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി ജോസഫ് സ്വത്തിന് വേണ്ടി ഭർത്താവിനേയും രക്ഷിതാക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച മഞ്ചാടിയിൽ മാത്യുവിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. 

പിന്നീട് ബന്ധുവായ ഷാജുവിനെ വിവാഹം കഴിക്കാൻ ഷാജുവിന്‍റെ ഭാര്യ സിലിയേയും മകൾ ഒന്നര വയസ്സുകാരി ആൽഫൈനേയും സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട റോയ് മാത്യുവിന്‍റെ സഹോദരൻ റോജോ റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ജോളി, ജോളിയുടെ ബന്ധു എംഎസ് മാത്യൂ, സ്വർണ്ണപ്പണിക്കാരനായ പ്രജു കുമാർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഒരു വർഷത്തിനിപ്പുറം ആറ് കൊലപാതകങ്ങളിൽ രണ്ടെണ്ണത്തിന്‍റെ വിചാരണ തുടങ്ങി. റോയ് സിലി വധക്കേസുകളിലാണ് വിചാരണ. മറ്റ് നാല് കേസുകളിലും കുറ്റപത്രവും നൽകിയിട്ടുണ്ട്.
 

click me!