
ദില്ലി: കേരളത്തിൽ വലിയ പെരുന്നാളിനോടനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതി തീരുമാനം ഇന്ന്. കോടതി നിര്‍ദ്ദേശം അനുസരിച്ച് നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാംങ്മൂലം ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നൽകിയിട്ടുണ്ട്.
ചില മേഖലകളിൽ കടകൾ തുറക്കാൻ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാരിന്‍റെ സത്യവാംങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ആദ്യത്തെ കേസായാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉൾക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീംകോടതി നടത്തിയ പരാമര്‍ശം.
ലോക് ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. വൈകീട്ട് മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള അവലോകനയോഗം. പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക.വാരാന്ത്യ ലോക്ഡൗൺ തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ടിപിആർ പതിനൊന്നിന് മുകളിലേക്കെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവ് നൽകാനുളള സാധ്യത കുറവാണ്.
പെരുന്നാൾ പ്രമാണിച്ച് നൽകിയ ഇളവുകൾക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യവും സർക്കാർ പരിഗണിക്കും. അതേസമയം കൂടുതൽ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്. എല്ലാം പരിഗണിച്ചായിരിക്കും ഇന്നത്തെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam