
കൊച്ചി: മരടിലെ ഫ്ളാറ്റുടമകൾ നൽകിയ പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല. പുതിയ ഹര്‍ജികൾ സ്വീകരിക്കരുതെന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഉത്തരവ് ഉള്ളതിനാലാണ് ഇതെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. അതേസമയം വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകാൻ ഫ്ളാറ്റുടമകൾക്ക് തടസമില്ല.
തീരദ്ദേശ നിയമം ലംഘിച്ച് മരട് നഗരസഭ പ്രദേശത്ത് നിര്‍മ്മിച്ച് അഞ്ച് പാര്‍പ്പിട സമുച്ചയങ്ങൾ ഈമാസം 20നകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാൽ നിയമലംഘനം കണ്ടെത്തിയ മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് ഫ്ളാറ്റുടമകൾ വീണ്ടും ഹര്‍ജി നൽകിയത്. ഈ ഹര്‍ജി ജഡ്ജിമാരുടെ മുമ്പിലേക്ക് എത്തില്ലെന്നാണ് രജിസ്ട്രി നൽകുന്ന വിവരം. ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഒടുവിലത്തെ ഉത്തരവിൽ ഈ കേസിൽ പുതിയ ഹര്‍ജികൾ സ്വീകരിക്കരുതെന്ന നിര്‍ദ്ദേശമുണ്ട്.
അതുകൊണ്ട് അപാകതകളുള്ള ഹര്‍ജികളുടെ പട്ടികയിലാണ് പുതിയ റിട്ട് ഹര്‍ജി ഉൾപ്പെടുത്തിയിരിക്കുന്നത്. ഹര്‍ജി പൂര്‍ണ്ണമായി സുപ്രീംകോടതി രജിസ്ട്രി സ്വീകരിച്ചിട്ടില്ല എന്നര്‍ത്ഥം. ഇതോടെ ഫ്ളാറ്റുടമകൾക്ക് മുന്നിലെ നിയമവഴികൾ അടയുകയാണ്. വേണമെങ്കിൽ തിരുത്തൽ ഹര്‍ജി എന്ന വഴികൂടി അവശേഷിക്കുന്നുണ്ട്. തിരുത്തൽ ഹര്‍ജി നൽകുകയാണെങ്കിൽ ഇപ്പോൾ കേസ് പരിഗണിച്ച ജഡ്ജിമാരും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ഒന്നിച്ചിരുന്നാകും കേസ് പരിശോധിക്കുക.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അഭിപ്രായത്തോട് മറ്റ് ജഡ്ജിമാര്‍ യോജിച്ചില്ലെങ്കിൽ ഫ്ളാറ്റുടമകൾക്ക് അതൊരു പ്രതീക്ഷയാകും. ഏതായാലും നിലവിലെ ഉത്തരവിൽ ഒരു മാറ്റവും ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്ന മുന്നറിയിപ്പുമുണ്ട്. മാത്രമല്ല, അത്തരമൊരു സാഹചര്യത്തിൽ സര്‍ക്കാരിനെതിരെ കോടതി നീങ്ങിയാൽ അത് വലിയ പ്രത്യാഘാതകങ്ങളാകും ഉണ്ടാക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam