Sandeep Murder: ​സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്താക്കിയ വിജയരാഘവൻ മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ

By Web TeamFirst Published Dec 3, 2021, 11:29 AM IST
Highlights

മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ (Sandeep Murder) കൊലപാതകത്തിന് പിന്നിൽ സിപിഎം (CPIM) ക്വൊട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും (A.Vijayaraghavan) സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K.Surendran). ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറി എ.വിജയരാഘവനെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയിൽ മുൻ എംഎൽഎയെ സിബിഐ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായ സിപിഎമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ്. തുടർച്ചയായ കൊലപാതകങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് അടിവരയിടുന്നതായും സുരേന്ദ്രൻ പറഞ്ഞു.

സി പി എം പെരിങ്ങര ലോക്കൽ സെക്രട്ടറി (cpm local secretary) പി ബി സന്ദീപ് കുമാറിനെ(sandeep kumar) ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം വീടിനു സമീപത്ത് വച്ച് കുത്തിക്കൊന്നത്. സംഭവത്തിൽ പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു,പ്രമോദ്, കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ എന്നിവർ പൊലീസിൽ പിടിയിലായിരുന്നു. 

വ്യക്തി വൈരാ​ഗ്യമണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആർ എസ് എസ് പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സി പി എം പ്രതികരണം. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. കേസിൽ ഒന്നാം പ്രതിയായ ജിഷ്ണു യുവമോർച്ചയുടെ മുൻ ഭാരവാഹിയാണ്. ഇയാൾ ജയിലിൽ വച്ചാണ് മുഹമ്മദ് ഫൈസലിനെ പരിചയപ്പെട്ടത്.

Sandeep Murder : സന്ദീപ് കൊലപാതകം; നാല് പ്രതികൾ പിടിയിൽ;പിടിയിലായത് ആലപ്പുഴ കരുവാറ്റയിൽ നിന്ന്

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിൻറെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റു. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിനെ കുത്തി വീഴ്ത്തിയ പ്രതികൾ അതിവേ​ഗം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. സന്ദീപിൻറെ നെഞ്ചിൻറെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിരുന്നതായി ഡോക്ട‍ർമാർ പറയുന്നു.

കൊലപാതകത്തിന് മുമ്പ് സന്ദീപ് കുമാർ സ്ഥിരമായെത്തുന്ന കടയിലും പ്രതികൾ എത്തി ഭീഷണിപ്പെടുത്തിയെന്ന് കട ഉടമ ബാബു പൊലീസിനെ അറിയിച്ചിട്ടുണ്ട്. കടയിലെ സാധനങ്ങൾ തകർത്തു. പ്രതികളിലൊരാൾ നാട്ടുകാരൻ തന്നെയാണെന്ന് കട ഉടമ പറയുന്നു. മറ്റുള്ളവരെ മുമ്പ് കണ്ട് പരിചയം ഇല്ലെന്നും ബാബു പറഞ്ഞു. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം സി പി എം ഏരിയ കമ്മറ്റി ഓഫിസ് , പെരിങ്ങര ലോക്കൽ കമ്മറ്റി ഓഫിസ്, പെരിങ്ങര പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വയ്ക്കും. ഇന്ന് തന്നെ സംസ്കാരം നടത്തും.


 

click me!