
തൃശൂർ: നിരോധിക്കപ്പെട്ട പിഎഫ്ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ എംപി. പിഎഫ്ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതാപൻ രംഗത്തെത്തിയത്. തനിക്ക് പിഎഫ്ഐ ബന്ധമുണ്ടെങ്കിൽ സുരേന്ദ്രൻ അത് തെളിയിക്കണമെന്ന് പ്രതാപൻ പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസ് തൃശൂരിൽ നടത്തിയ ചാണകവെള്ളം തളിച്ചുകൊണ്ടുള്ള സമരത്തെ പ്രതാപൻ തള്ളിപ്പറഞ്ഞു. ചാണകവെള്ളം തളിച്ച സമരത്തോട് യോജിപ്പില്ലെന്ന് പ്രതാപൻ വ്യക്തമാക്കി. ഇന്നലെയാണ് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വേദിക്കരികിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് സമരം നടത്തിയത്. ഇത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടാവുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്.
പ്രധാനമന്ത്രി എത്തിയ തൃശൂർ തേക്കിൻ കാട് മൈതാനത്തിലെ നായ്ക്കനാലിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സുരക്ഷയുടെ പേരിലാണ് രണ്ട് ദിവസം മുമ്പ് വർഷങ്ങൾ പഴക്കമുള്ള ആൽമരത്തിൻറെ കൊമ്പുകൾ വെട്ടിമാറ്റിയത്. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മാനിഷാദ എന്ന പേരിൽ സമരം പ്രഖ്യാപിച്ചത്. ഇതോടൊപ്പം മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കുമെന്ന് കെ എസ് യുവും പ്രഖ്യാപിച്ചിരുന്നു. കെ എസ് യുവിനെ പ്രതിരോധിക്കാൻ ബിജെപി നേതാക്കളും എത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പ്രവർത്തകർ തമ്മിൽ ഉന്തു തള്ളുമുണ്ടാവുകയായിരുന്നു.
പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനെത്തിയവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്നായിരുന്നു ബി ജെ പിയുടെ വാദം. പ്രധാനമന്ത്രിയുടെ വരവിൽ അസ്വസ്ഥനായ ടി എൻ പ്രതാപൻ എംപിയാണ് ഈ സമര നാടകത്തിനു പിന്നിലെന്നും ബി ജെ പി ആരോപിച്ചിരുന്നു.
ഒരു മണിക്കൂറിനു ശേഷം പാടുപെട്ടാണ് പൊലീസ് ഇരു കൂട്ടരേയും സ്ഥലത്തു നിന്നും മാറ്റിയത്. വിശ്വാസികൾ വിളക്കുവെയ്ക്കുന്ന ആൽ മരത്തിൻറെ കൊമ്പുകൾ മുറിച്ച ബി ജെ പിയുടെ നടപടി അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam