അതിവേഗം രോഗം പടരാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചുവെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published May 16, 2020, 7:39 PM IST
Highlights

കേരളത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചെയ്തത്. അപര്യാപ്തതകള്‍ പരിഹരിക്കുകയോ, സമ്മതിക്കുകയോ ചെയ്യുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചെയ്തത്.

അപര്യാപ്തതകള്‍ പരിഹരിക്കുകയോ, സമ്മതിക്കുകയോ ചെയ്യുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയുടെ പങ്കുപറ്റുന്നയാളായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രിക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്നു വന്നപ്പോഴാണ് അവരെ ഹൈജാക്ക് ചെയ്ത് നേട്ടങ്ങള്‍ തന്റെ പട്ടികയിലാക്കാന്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തിയത്. വകുപ്പുമന്ത്രിയെ വായ തുറക്കാനനുവദിക്കാതെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര വിദേശകാര്യവകുപ്പിനെ കുറ്റപ്പെടുത്തുന്നത് സ്വന്തം പൂച്ച് പുറത്തായപ്പോഴാണ്.

പ്രവാസികള്‍ കേരളത്തിലേക്ക് വന്നാല്‍ ഇവിടെയെല്ലാം തയ്യാറാക്കി കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്. കേന്ദ്രം കേരളത്തോട് ഇവിടുത്തെ സജ്ജീകരണങ്ങളെ കുറിച്ച് പലതവണ ആരാഞ്ഞപ്പോഴും എല്ലാം സജ്ജമാണെന്നാണ് മറുപടി നല്‍കിയത്. വിദേശത്തു നിന്നുവരുന്നവരെ 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരീക്ഷണത്തിലാക്കണമെന്നത് കൊവിഡ് പടരാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അതില്‍ വെള്ളം ചേര്‍ത്തു.

നിരീക്ഷണ ദിവസം വെട്ടിക്കുറച്ചതു കൂടാതെ കൂടുതലാള്‍ക്കാരെ വീടുകളിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. ഒന്നേകാല്‍ ലക്ഷത്തിലധികം ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എങ്ങും കാര്യമായ സജ്ജീകരണങ്ങളൊന്നുമൊരുക്കാതെ വിടുവായത്തം പറയുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ ഇത്രവേഗത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കുമെന്ന പ്രതീക്ഷ പിണറായി വിജയനുണ്ടായിരുന്നില്ല.

വിദേശത്തുള്ളവരും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളും വരാന്‍ തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ് കേരളം. പ്രവാസികള്‍ക്കായി കണ്ണീരൊഴുക്കിയവര്‍ അവരെ വഞ്ചിക്കുകയാണ്. രോഗ നിരീക്ഷണ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്തതിലൂടെ കേരളം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്. കൊറോണയുടെ മൂന്നാം ഘട്ടവ്യാപനം അപകടകരമായിരിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. അതിവേഗം രോഗം പടരാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

click me!