കേന്ദ്രത്തിന്‍റെ പരിഗണന കേരളത്തിന് ഇത്രയധികം ലഭിച്ച കാലമുണ്ടായിട്ടില്ലെന്ന് സുരേന്ദ്രന്‍

By Web TeamFirst Published May 25, 2020, 7:39 PM IST
Highlights

കോൺഗ്രസ് സർക്കാരിനെ വെല്ലുന്ന ധൂർത്താണ് ഇടതുപക്ഷം നടത്തി കൊണ്ടിരിക്കുന്നത്. ചീഫ് വിപ്പിന് ഉൾപ്പടെ കാബിനറ്റ് പദവി നൽകുകയും ഒട്ടേറെ പുതിയ തസ്തികകൾ സൃഷ്ടിച്ചും കോടികളാണ് ധൂർത്തടിക്കുന്നത്. യുഡിഎഫ് കാലത്തെ അഴിമതികളിൽ അന്വേഷണം നടത്താതെ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

തിരുവനന്തപുരം: കഴിഞ്ഞ നാലു വർഷത്തെ ഇടതുഭരണകാലത്ത് കേരളത്തിൽ മുതൽ മുടക്കി വ്യവസായം തുടങ്ങാൻ വന്നവരെ കുറിച്ചും എത്രായിരം കോടിയുടെ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചു എന്നതിനെ കുറിച്ചും ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡാനന്തര സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ  കൂടുതൽ വ്യവസായ സംരംഭങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാൻ പദ്ധതി തയ്യാറാക്കുമ്പോൾ കേരളത്തിന് യാതൊരു ക്രിയാത്മക പദ്ധതികളുമില്ല.

കേരളത്തിൽ വ്യവസായം തുടങ്ങിയ പ്രവാസികൾക്ക് ഇടതുഭരണത്തിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുണ്ടായതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നാല് വർഷം കേരളത്തിൽ വികസന മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും ആയിരുന്നു. യുഡിഎഫ് സർക്കാരിന്‍റെ ധൂർത്തിനും അഴിമതിക്കുമെതിരെ പ്രചാരണം നടത്തി അധികാരത്തിൽ വന്നവർ അഴിമതി മുഖമുദ്രയാക്കി. അധികാരത്തിലേറി നാളുകൾക്കുള്ളിൽ ഒരു മന്ത്രിക്ക് അഴിമതിയിൽപെട്ട് രാജിവെക്കേണ്ടി വന്നു.

കോൺഗ്രസ് സർക്കാരിനെ വെല്ലുന്ന ധൂർത്താണ് ഇടതുപക്ഷം നടത്തി കൊണ്ടിരിക്കുന്നത്. ചീഫ് വിപ്പിന് ഉൾപ്പടെ കാബിനറ്റ് പദവി നൽകുകയും ഒട്ടേറെ പുതിയ തസ്തികകൾ സൃഷ്ടിച്ചും കോടികളാണ് ധൂർത്തടിക്കുന്നത്. യുഡിഎഫ് കാലത്തെ അഴിമതികളിൽ അന്വേഷണം നടത്താതെ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കോൺഗ്രസുമായുള്ള ഒത്തുകളിയുടെ ഭാഗമായാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇടതു മന്ത്രിമാരുടെ അഴിമതികൾ പുറത്തു വരാതിരിക്കാൻ വിജിലൻസിനെ തന്നെ പൂട്ടിയിട്ടു. പാലാരിവട്ടം പാലം അഴിമതിയിലും യഥാർത്ഥ പ്രതികൾ സർക്കാരിന്‍റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയാണ്.

കിഫ്ബി പോലുള്ള സംവിധാനങ്ങളിലൂടെ സർക്കാർ വ്യാപകമായി അഴിമതി നടത്തിക്കൊണ്ടിരിക്കുന്നു. കിഫ്ബി വഴിയുള്ള പണമിടപാടിനെ കുറിച്ച് എജിക്ക് പോലും അന്വേഷിക്കാൻ അനുവാദമില്ലാതായി. കേന്ദ്ര സർക്കാരിന്‍റെ വികസന നേട്ടങ്ങൾ സംസ്ഥാനം സ്വന്തം പേരിലാക്കി അപഹാസ്യരാകുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകൾ വർഷങ്ങളായി മുടങ്ങി കിടന്നത് നരേന്ദ്രമോദി സർക്കാരാണ് പൂർത്തിയാക്കിയത്.

കൊല്ലം ബൈപാസിന്‍റെ നിർമ്മാണം യുഡിഎഫ്-എല്‍ഡിഎഫ് സക്കാരുകൾ കഴിഞ്ഞ 46 വർഷങ്ങളായി നടപ്പാക്കിയില്ല. കേന്ദ്ര സർക്കാർ ഇടപെട്ടാണ് പൂർത്തീകരിച്ചത്. കൊച്ചി മെട്രോയും കേന്ദ്രത്തിന്‍റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പൂർത്തിയായത്. കൂടംകുളത്ത് നിന്ന് വൈദ്യുതി കൊണ്ടുവരുന്ന  പദ്ധതിക്ക് സംസ്ഥാനത്തിന് നയാ പൈസായുടെ ചെലവില്ല. 2250 കോടി കേന്ദ്രം നൽകിയതാണ്. കഴിഞ്ഞ 12 വർഷമായി പദ്ധതി ഇല്ലാതാക്കാനായിരുന്നു ശ്രമം.

വിഎസ് മന്ത്രിസഭയുടെ കാലത്ത് പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചു. പവർ ഗ്രിഡ് കോപ്പറേഷൻ കോടതിയിൽ പോയാണ് അനുകൂല വിധി നേടിയത്. കേരളത്തിന് കേന്ദ്ര സർക്കാരിന്‍റെ പരിഗണന ഇത്രയധികം ലഭിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ല. നികുതി വിഹിതത്തിന്‍റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകി. ധനകമ്മി നികത്താൻ ചരിത്രത്തിൽ ആദ്യമായി 4000 കോടി നൽകി. കമ്മിയുണ്ടാകുന്നത് കേരളത്തിന്‍റെ ധന മാനേജ്മെന്‍റിന്‍റെ പോരായ്മയാണ്. 

തൊഴിലുറപ്പ് പദ്ധതി വിഹിതം കേരളത്തിന് മുൻകൂറായി നൽകി. കൂടുതൽ ജിഎസ്ടി വിഹിതവും നൽകി. കടമെടുക്കാനുള്ള പരിധി കൂട്ടിയത് കേരളത്തിന് വൻ നേട്ടമായി. ഇത്രയൊക്കെയായിട്ടും കേന്ദ്ര പദ്ധതികളോട് കേരളം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ആയുഷ്മാൻ ഭാരത് ഉൾപ്പടെയുള്ള കേന്ദ്രത്തിന്‍റെ ജനോപകാര പദ്ധതികൾ അട്ടിമറിക്കുന്നു.

ജൻധൻ അക്കൗണ്ടുകൾ തുടങ്ങിയപ്പോൾ അതിനെതിരായിരുന്നു ഇടതു പക്ഷം. കിസാൻ സമ്മാൻ നിധിയും സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതിയായ ഉജ്ജ്വൽ യോജനയും അട്ടിമറിക്കാനാണ് ശ്രമം. പ്രളയത്തിനും ഓഖി ദുരന്തത്തിന്നും കേന്ദ്രം നൽകിയ പണം കേരളം വകമാറ്റി ചെലവിട്ടു.

റീ ബിൽഡ് കേരള എന്തായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തിൽ വികസനം വാചകമടി മാത്രമായി. കേന്ദ്രം കൈയയച്ച് സഹായിക്കുന്നതിനാലാണ് കേരളം മുന്നോട്ടു പോകുന്നത്. കേരളത്തിന് ക്രിയാത്മകമായ പദ്ധതികളില്ല. കൊവിഡാനന്തര ഭാരതം അതിജീവിക്കുമ്പോൾ കേരളം പിന്നാക്കം പോകാതിരിക്കാൻ പുതിയ വികസന കാഴ്ചപ്പാട് വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.

click me!