
തൃശ്ശൂര്‍: കരുവന്നൂരിലേത് ജനങ്ങളുടെ ചോര നീരാക്കിയ പണമല്ല, ചോരപ്പണമെന്ന് തൃശ്ശൂരലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. അത് കവർന്നവർക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കിൽ ഇഡിയിൽ വിശ്വാസമില്ലാതാവും. കേന്ദ്ര സർക്കാർ പാട്ടാളത്തെ നിർത്തിയായാലും പണം കൊടുപ്പിക്കണം. ഇത് പ്രജാ രാജ്യമാണ്. ജനങ്ങൾ ഉലയാതിരിക്കാനാണ് ഇഡി, അവർ അവരുടെ ജോലി ചെയ്യട്ടെ, അവരെ ജോലിചെയ്യാൻ അനുവദിക്കണം- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കരുവന്നൂരിലെ ഈ ഡി നടപടിയില്‍ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീല്‍ ഉണ്ടെന്ന് കെ മുരളീധരൻ ആരോപിച്ചു. തൃശ്ശൂർ തിരുവനന്തപുരം സീറ്റ് സംബന്ധിച്ചാണ് ഡീല്‍.ആ ഡീൽ താൻ ഭയപ്പെടുന്നില്ല. പുറത്തു കാണിക്കുന്ന ഭയമൊന്നും സിപിഎം നേതാക്കൾക്ക് അകത്തില്ലെന്നും മുരളീധരൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഇഡി ചോദ്യം ചെയ്യലിനായി മുൻ എംപി പികെ ബിജു ഇന്ന് ഹാജരായേക്കില്ല. രാവിലെ 11 മണിയ്ക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നൽകിയ നിർദ്ദേശം. എന്നാൽ ഹാജരാകുമോ എന്നതിൽ പികെ ബിജു ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നാണ് ഇഡി വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസം ഹാജരാകേണ്ടിയിരുന്ന സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാമെന്നാണ് ഇഡിയെ രേഖാമൂലം അറിയിച്ചത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂരിലെ ക്രമക്കേടിൽ സിപിഎം നടത്തിയ അന്വേഷണ കമ്മീഷൻ ചുമതലയും ബിജുവിനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam