
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷ്ണറുമായി സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി എംപി. അന്വേഷണത്തിലെ കണ്ടെത്തലുകൾ പറഞ്ഞു. കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞു. എന്നാൽ കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്. നാളെ ഗവർണറെ കാണും. കാര്യങ്ങൾ സംസാരിക്കും. അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നത്. മറ്റ് കാര്യങ്ങൾ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിതിൻ രാജിൻ്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഡോ എംകെ റാം, ഡോ സംഗീത എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. എന്നാൽ റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 7 അംഗ സംഘത്തിനാണ് ചുമതല. കോളേജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും പൂക്കോട് വെറ്റിനറി കോളേജിൽ റാംഗിങ്ങുമായി ബന്ധപ്പെട്ട് മരണപ്പെട്ട സിദ്ധാർഥൻറെ അമ്മയും നിതിൻറെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് വി ഡി സതീശനും എം വി ഗോവിന്ദനും ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam