
കോഴിക്കോട്: മുസ്ലിം ലീഗ് റാലിയിൽ ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ച ശശി തരൂരിനെ അനുകൂലിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ശശി തരൂർ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്നും എന്നാൽ ആ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനല്ലേ മുസ്ലിം ലീഗ് റാലി നടത്തിയതെന്നും അല്ലാതെ ഹമാസ് ഐക്യദാർഢ്യ റാലിയല്ലല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു.
ജമ്മു കശ്മീരിന്റെ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കുമെന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംകെ മുനീർ തന്റെ നല്ല സുഹൃത്താണ്. സിഎച്ച് മുഹമ്മദ് കോയയുടെ മകനായാണ് അദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തോട് മറുപടി പറയുന്നില്ല. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാൻ താൻ തയ്യാറാണ്. വേണമെങ്കിൽ കണ്ണൂരും മത്സരിക്കും. കണ്ണൂരും ഒന്ന് ഉലയ്ക്കാമല്ലോയെന്ന് പറഞ്ഞ അദ്ദേഹം തൃശ്ശൂരിൽ കണ്ടത് ജനങ്ങളുടെ പൾസാണെന്നും പറഞ്ഞു.
അതിനിടെ മുസ്ലിം ലീഗ് റാലിയിലെ തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ശശി തരൂർ രംഗത്ത് വന്നു. താനെന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന് പറഞ്ഞ അദ്ദേഹം, തന്റെ പ്രസംഗം ഇസ്രയേൽ അനുകൂല പ്രസംഗമായി ആരും വ്യാഖ്യാനിക്കേണ്ടെന്നും ആവശ്യപ്പെട്ടു. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയിലാണ് പലസ്തീനിലെ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരോട് അനുകമ്പ പ്രകടിപ്പിച്ച് ശശി തരൂർ മുഖ്യാതിഥിയായി സംസാരിച്ചത്. ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 ലേറെ പേരെ കൊലപ്പെടുത്തിയെന്നും 200 ലേറെ പേരെ ബന്ദികളാക്കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രത്യാക്രമണത്തിൽ ഇസ്രയേൽ പലസ്തീനിലെ 6000 ത്തിലേറെ പേരെ കൊലപ്പെടുത്തി. 15 വർഷം കൊണ്ട് പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ വലുതാണ് കഴിഞ്ഞ 19 ദിവസത്തിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു അദ്ദേഹം പ്രസംഗത്തിൽ വിമർശിച്ചത്. എന്നാൽ പിന്നീട് സംസാരിച്ച എംകെ മുനീർ ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ച ശശി തരൂരിന്റെ പരാമർശത്തെ വിമർശിച്ചു. ഭഗത് സിംഗിനെ ബ്രിട്ടീഷുകാരും തീവ്രവാദിയെന്നാണ് വിളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam