കരുവന്നൂര്‍ ബാങ്കിൽ നിക്ഷേപം നടത്തി പെരുവഴിയിലായ കുടുംബത്തിന് തുണയായി സുരേഷ് ഗോപി

By Web TeamFirst Published Jul 30, 2022, 4:43 PM IST
Highlights

വൃക്ക രോഗിയായ ജോസഫിൻ്റേയും സെറിബ്രൽ പാൾസി ബാധിതരായ രണ്ട് മക്കളുടേയും ചികിത്സ പണമില്ലാതെ മുടങ്ങിയിരിക്കുകയായിരുന്നു 

തൃശ്ശൂര്‍: നിക്ഷേപിച്ച പണം കരുവന്നൂര്‍ ബാങ്ക് തിരികെ നൽകാത്തതിനാൽ സെറിബ്രൽ പാൾസി ബാധിച്ച രണ്ട് മക്കളുടേയും ചികിത്സ മുടങ്ങിയ ജോസഫിന് സഹായവുമായി നടൻ സുരേഷ് ഗോപി.ഭിന്നശേഷിയുള്ള മക്കളുടെ ചികിത്സക്ക് പണമില്ലാതെ വലയുന്ന വൃക്ക രോഗിയായ ജോസഫിന് ഒരു ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇവരുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ ഇടപെടൽ. 

മാപ്രാണം തെങ്ങോലപ്പറന്പിൽ ജോസഫിന്‍റെ   സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച രണ്ടു മക്കളുടെയും  ചികിത്സയാണ് പണമില്ലാത്തതിനാൽ മുടങ്ങിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിൽ പതിമൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു കൊല്ലത്തിനിടെ ഇരുപതിനായിരം രൂപ മാത്രമാണ് ബാങ്ക് തിരികെ നല്‍കിയത്. വൃക്കരോഗിയായ ജോസഫിന് ജോലിയെടുത്ത് പോലും മക്കളെ സംരക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 

ഇരുപത്തിയഞ്ച് കൊല്ലം  അന്യനാട്ടിൽ പെടാപാടു പെട്ടുണ്ടാക്കിയ പണമാണ് തെങ്ങോലപ്പറന്പില്‍ ജോസഫ് കരുവന്നൂര്‍ സഹകരണ ബാങ്കിനെ വിശ്വസിച്ച്  നിക്ഷേപിച്ചത്.പക്ഷേ  ബാങ്ക് ചതിച്ചു. മക്കളുടെ ചികില്‍സയ്ക്കു പോലും ഇപ്പോള്‍ കയ്യിൽ കാശില്ല.  സെറിബ്രൽ പാള്‍സി ബാധിതരായ രണ്ടു പേര്‍ക്കും ചികില്‍സയ്ക്കായി പ്രതിമാസം ഇരുപതിനായിരത്തിലധികം രൂപ വേണം.  നാലയിരത്തലധികം രൂപ ജോസഫിന്‍റെ ചികില്‍സയ്ക്കും വേണം . ചികിത്സ മാത്രമല്ല ഈ കുടുംബത്തിന്‍റെ  ജീവിതവും കരുവന്നൂര്‍ തട്ടിപ്പിൽ വഴി മുട്ടി . ഒരു മകന്‍റെ വരുമാനത്തിലാണ് കുടുംബം  ഇപ്പോള്‍ പിടിച്ചു നിൽക്കുന്നത്.

13 ലക്ഷം നിക്ഷേപം തിരികെ ചോദിച്ച് പലവട്ടം ബാങ്കിൽ കയറി  ജോസഫ് കയറി ഇറങ്ങി . ദാനം പോലെ കിട്ടിയത് ഇരുപതിനായിരം  രൂപ. കോടികളുടെ   കരുവന്നൂര്‍ തട്ടിപ്പിന് ഇരയായി ജോസഫിനെ പോലെ സന്പാദിച്ചതെല്ലാം പോയവര്‍ ഇനിയും നിരവധി 

അതേസമയം കരുവന്നൂര്‍ ബാങ്കിൻ്റെ കണ്ണിൽ ചോരയില്ലാത്ത  നടപടികൾക്ക് എതിരെ കൂടുതൽ ഇരകൾ രംഗത്ത് എത്തി കൊണ്ടിരിക്കുകയാണ്. മകളുടെ കുട്ടിയുടെ പഠിപ്പിന് ഇത്ര ചിലവുള്ള സ്കൂളില്‍ എന്തിന് ചേര്‍ത്തു എന്നാണ് നിക്ഷേപം ചോദിച്ചു എത്തിയ മാപ്രാണം സ്വദേശി ലക്ഷികുട്ടി അമ്മയോട് ബാങ്ക് ജീവനക്കാർ ചോദിച്ചത്. പ്രവാസ ജീവിതത്തിൽ നിന്നും മിച്ചം പിടിച്ച 9 ലക്ഷം രൂപ നിക്ഷേപിച്ച രമേശന്  മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് കടം വാങ്ങേണ്ട ഗതികേടിലാണ്. 

പതിനെട്ട് ലക്ഷം രൂപയാണ് മാപ്രാണം സ്വദേശി ലക്ഷ്മിക്കുട്ടി അമ്മ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. വിധവയായ തനിക്കും വിവാഹ മോചിതയായ മകൾക്കും ജീവിത ആവശ്യങ്ങൾക്കായി സ്വരുകൂട്ടിയ  പണം.  എന്നൽ കൊച്ചുമകനെ സ്കൂളിൽ ചേർക്കാൻ പണം ആവശ്യപ്പെട്ടു ചെന്ന ലക്ഷ്മിക്കുട്ടിക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം. ഭിക്ഷക്കാരെപ്പോലെ ബാങ്കില്‍ കയറി പണത്തിന് കൈനീട്ടേണ്ട ഗതികേട് ആണ് തനിക്കെന്ന് ലക്ഷ്മിക്കുട്ടി അമ്മ സങ്കടം ഉള്ളിൽ ഒതുക്കി പറയുന്നു. 

കാല്‍ നൂറ്റാണ്ട് പ്രവാസിയായി ജീവിച്ച രമേശൻ  ബാങ്കില്‍ നിക്ഷേപിച്ചത് ഒൻപത് ലക്ഷം രൂപയാണ്.  മക്കളുടെ തുടർപഠനത്തിന് പണം ചോദിക്കുമ്പോൾ നിസ്സാര തുക തന്നു അപമാനിക്കുക ആണ് ജീവനക്കാർ എന്ന് രമേശൻ പറയുന്നു. ഇവരെ പോലെ നിരവധി നിക്ഷേപകരാണ് ബാങ്കിന്‍റെ കണ്ണില്‍ ചോരയില്ലാത്ത നടപടിയില്‍ വഴിയാധാരമാകുന്നത്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് വിഡി സതീശൻ 

തിരുവനന്തപുരം: കരുവനന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. 30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വിഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകം തിരുത്തി ഓര്‍ഡിനൻസ് കൊണ്ടുവരുമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

click me!