
തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആസ്തി രേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സുരേഷ് ഗോപിക്ക് 40000 രൂപ കൈയ്യിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റോഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകൾ പറയുന്നു.
ഇതിന് പുറമെ 1025 ഗ്രാം സ്വർണ്ണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. 53 ലക്ഷം രൂപയാണ് മൂല്യം. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണവും 2 മക്കളുടെ പേരിൽ 36 ലക്ഷം രൂപ വരുന്ന സ്വർണ്ണവമുണ്ട്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപ ആകെ വരുമാനം. 2023 - 24 വർഷത്തെ ആദായ നികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് കണക്ക്.
ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ പേരിൽ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരിൽ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഏഴ് കേസുകളും സ്ഥാനാർത്ഥിയുടെ പേരിലുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനൽവേലിയിൽ 82.4 ഏക്കർ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളിൽ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയിൽ വെളിപ്പെടുത്തി.
അതേസമയം തൃശ്ശൂരിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ പക്കൽ 2.65 കോടി രൂപയുടെ ജംഗമ ആസ്തി, 2.61 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. വിവിധ ബാങ്കുകളിൽ രണ്ടു കോടിയിലധികം രൂപയുടെ നിക്ഷേപവും സ്വന്തമായി മൂന്നു വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. വാഹനങ്ങൾക്ക് 51 ലക്ഷം രൂപയാണ് മൂല്യം. കയ്യിൽ 8 ഗ്രാമിന്റെ മോതിരവും 7 ലക്ഷം രൂപയുടെ ഫർണിച്ചറുകളുമുണ്ടെന്നും പത്രികയിൽ വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam