യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ടു; സുരേഷ് കല്ലട ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തു

Published : Apr 21, 2019, 07:39 PM ISTUpdated : Apr 21, 2019, 08:13 PM IST
യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ടു; സുരേഷ് കല്ലട ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തു

Synopsis

ബസ് ബ്രേക് ഡൗണായി ദീർഘനേരം വഴിയിൽ കിടന്നത് ചോദ്യം ചെയ്തതിനാണ് രണ്ട് യുവാക്കളെ ജീവനക്കാർ മർദ്ദിച്ചത്

കൊച്ചി: സുരേഷ് കല്ലട ബസ്സിൽ യുവാക്കളായ രണ്ട് യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേർക്ക് എതിരെയാണ് മരട് പൊലീസ് കേസെടുത്തത്. പ്രതികളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന മൂന്ന് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പൊലീസ് അറിയിച്ചു. യാത്രക്കാരെ മർദ്ദിക്കുന്നത് നേരിൽ കണ്ട് അജയ് ഘോഷ് എന്ന വ്യക്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ഇന്നലെ അർധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ്  അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നത്. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീർഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്ഐ വിനോദ് ഇവരോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. "മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാൽ അവർ അങ്ങോട്ടേക്ക് പോയില്ല. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവർക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തിട്ടുണ്ട്," എസ്ഐ വിനോദ് പറഞ്ഞു.

അതേസമയം യുവാക്കളാണ് ആദ്യം പ്രശ്നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ പ്രതികരണം. യുവാക്കൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. "ഞങ്ങളുടെ ക്ലീനറെ ഹരിപ്പാട് വച്ച് അവർ അടിച്ച് മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുത്തി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് മർദ്ദിച്ചതെന്ന് ചോദിക്കാനാണ് വൈറ്റിലയിൽ നിന്ന് കൂടുതൽ ജീവനക്കാർ ബസിൽ കയറിയത്," അദ്ദേഹം പറഞ്ഞു. അതേസമയം ഏത് ആശുപത്രിയിലാണ് ക്ലീനറെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കളെ ആക്രമിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല കൂടുതൽ ജീവനക്കാർ കൊച്ചിയിൽ വച്ച് ബസിലേക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്