യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം; ബസുടമ സുരേഷ് കല്ലട ഇന്ന് ഹാജരായേക്കും

By Web TeamFirst Published Apr 25, 2019, 6:30 AM IST
Highlights

ഇന്ന് കൂടി ഹാജരായില്ലെങ്കിൽ നിയമ നടപടികളിലേക്ക് നീങ്ങാനാണ് ആലോചന. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. 

തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാല്‍, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുത്തതിനാൽ അദ്ദേഹത്തിന് മുന്നിൽ ഹാജരാകാനാണ് സാധ്യത. 

ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ ആലോചന. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ അനുഭവം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.

click me!