
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്‍റെ അളവും സവിശേഷതകളും തിട്ടപ്പെടുത്താനുള്ള സര്‍വേയുമായി കേരള ഖരമാലിന്യ സംസ്കരണ പദ്ധതി(കെഎസ് ഡബ്ല്യുഎംപി). ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 42 നഗര തദ്ദേശ സ്ഥാപനങ്ങളിലെ സര്‍വേ പൂര്‍ത്തിയായി. ബാക്കിയുള്ള 51 ഇടങ്ങളിലെ സര്‍വേ പുരോഗമിക്കുന്നു.
കേരളത്തിലെ സുസ്ഥിര ഖരമാലിന്യ സംസ്കരണം ലക്ഷ്യമാക്കി ലോകബാങ്ക് സഹായത്തോടെയാണ് കെഎസ് ഡബ്ല്യുഎംപി എട്ടു ദിവസം നീളുന്ന സര്‍വേ നടത്തുന്നത്. വീടുകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പബ്ലിക് യൂട്ടിലിറ്റികള്‍ തുടങ്ങിയവ ഉള്‍പ്പെടെ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉറവിടങ്ങളും സര്‍വേയില്‍ പരിശോധിക്കും.
സര്‍വേയുടെ അടിസ്ഥാനത്തില്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഖരമാലിന്യ മാനേജ്മെന്‍റ് പ്ലാനുകള്‍ തയ്യാറാക്കും. നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉത്പാദിപ്പിക്കുന്ന പ്രതിശീര്‍ഷ മാലിന്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഖരമാലിന്യ മാനേജ്മെന്‍റ് പ്ലാനുകള്‍ തയ്യാറാക്കുക.
സംസ്ഥാനത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികളുടേയും കോര്‍പറേഷനുകളുടേയും പരിധിയില്‍ ഉത്പാദിപ്പിക്കുന്ന ഖരമാലിന്യത്തിന്‍റെ അളവ് വിലയിരുത്താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. നഗരങ്ങളിലെ വിവിധ തരം മാലിന്യങ്ങളുടെ അളവും സ്വഭാവവും തിരിച്ചറിയുക, മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക, പുന:ചംക്രമണത്തിലൂടെയും പുനരുപയോഗത്തിലൂടെയും മാലിന്യത്തിന്‍റെ അളവ് കുറയ്ക്കുക തുടങ്ങിയവയും സര്‍വേയിലൂടെ ലക്ഷ്യമിടുന്നു.
മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് മാനുവല്‍ വോളിയം രണ്ട് അനുസരിച്ച് ഖരമാലിന്യ സംസ്കരണ ആസൂത്രണത്തിന്‍റെ അവശ്യ ഘടകങ്ങളിലൊന്നാണ് മാലിന്യ അളവ് വിലയിരുത്തല്‍. ഖരമാലിന്യ സംസ്കരണത്തിനുള്ള സുസ്ഥിരവും മികച്ചതുമായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുക, ജനങ്ങള്‍ക്കിടയിലെ ബോധവത്ക്കരണം ഊര്‍ജിതമാക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും കാര്‍ബണ്‍ ഫൂറ്റ് പ്രിന്‍റും കുറയ്ക്കുക തുടങ്ങിയവ പ്രാവര്‍ത്തികമാക്കാന്‍ നഗര തദ്ദേശ സ്ഥാപനങ്ങളിലെ സര്‍വേയിലെ വിവരങ്ങള്‍ വിലയിരുത്തുന്നതിലൂടെ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam