മരട് ഫ്ലാറ്റ് പൊളിക്കല്‍: ഇൻഷുറൻസ് കമ്പനിയുടെ സർവ്വേ പുനരാരംഭിക്കും

By Web TeamFirst Published Dec 10, 2019, 3:15 PM IST
Highlights

ഫ്ലാറ്റ് പൊളിക്കുമ്പോള്‍ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നിലവിലെ മാർക്കറ്റ് നിരക്ക് അനുസരിച്ച് ഇൻഷുറൻസ് തുക ഉറപ്പുവരുത്തുമെന്ന് സബ് കളക്‌ടർ ഉറപ്പ് തന്നതായി പ്രദേശവാസികൾ. 

കൊച്ചി: മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള പ്രദശവാസികള്‍ക്കായുള്ള ഇൻഷുറൻസ് കമ്പനിയുടെ സർവ്വേ പുനരാരംഭിക്കും. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തെ തടസ്സപ്പെട്ട സര്‍വ്വേയാണ് സബ് കളക്ടര്‍ ഇടപെട്ട് പുനരാരംഭിക്കുന്നത്. പ്രേദേശവാസികളുമായി സബ്‍കളക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫ്ലാറ്റ് പൊളിക്കുമ്പോൾ അപകടം ഉണ്ടായാൽ മതിയായ ഇൻഷുറൻസ് തുക ലഭ്യമാക്കുമെന്ന് സബ് കളക്ടർ ഉറപ്പ് നൽകി. ഫ്ലാറ്റ് പൊളിക്കുമ്പോള്‍ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നിലവിലെ മാർക്കറ്റ് നിരക്ക് അനുസരിച്ച് ഇൻഷുറൻസ് തുക ഉറപ്പുവരുത്തുമെന്ന് സബ് കളക്‌ടർ ഉറപ്പ് തന്നതായി പ്രദേശവാസികൾ അറിയിച്ചു. 

അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എമർജൻസി പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിനാണ് ഇത്. മരടിലെ ഫ്ലാറ്റിന് സമീപത്തെ വീടുകളിലുണ്ടായ വിള്ളൽ കണക്കിലെടുത്താണ് പൊളിക്കൽ ചുമതലയുള്ള കമ്പനികള്‍ തയ്യാറാക്കിയ ബ്ലാസ്റ്റ് പ്ലാനിന് പുറമേ എമർജൻസി പ്ലാൻ കൂടി തയ്യാറാക്കാൻ സാങ്കേതിക സമിതി തീരുമാനിച്ചത്. കമ്പനികൾ തയ്യാറാക്കിയ ബ്ലാസ്റ്റ് പ്ലാനിൽ തിരുത്തൽ വരുത്താനും സാങ്കേതിക സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

click me!