
കാസർകോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാസർകോട് മേൽപ്പറമ്പിൽ പിടിയിയിൽ. സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാർ സാഹസികമായി പിടികൂടിയത്. രക്ഷപ്പെടാൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയ സന്തോഷിന്‍റെ കാൽ ഒടിഞ്ഞിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പിലെ ഹൈപ്പർമാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് തൊരപ്പൻ സന്തോഷിനെ പിടികൂടിയത്. നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണിയാൾ. ഭിത്തി തുരന്ന് അകത്തു കടന്നു കവർച്ച നടത്തുന്നതിനാലാണ് തൊരപ്പൻ എന്ന വിളിപ്പേര് വീണത്.
ഹൈപ്പർമാർക്കറ്റിന്‍റെ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്കുകൾ എടുക്കാനായി യുവാക്കൾ എത്തിയതാണ് മോഷ്ടാവിനു വിനയായത്. അകത്ത് നിന്ന് സംശയാസ്പദമായ ശബ്ദം കേട്ടതോടെ യുവാക്കൾ വിവരം മറ്റുള്ളവരെ അറിയിച്ചു. നാട്ടുകാർ കെട്ടിടം വളഞ്ഞതോടെ സന്തോഷ് ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പക്ഷേ കാലൊടിഞ്ഞതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല. സ്ഥാപന ഉടമ കെ അനൂപിന്‍റെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്‌തു. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ സന്തോഷ് കണ്ണൂർ ജില്ലയിലെ കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസം. ഇയാളെ പലവട്ടം പൊലീസ് പിടിയിലായിട്ടുണ്ട്.