
കോഴിക്കോട്: ബേപ്പൂരില്‍ കേസില്‍ പെട്ടത് ടി ഒ സൂരജ് വിജിലന്‍സില്‍ നിന്ന് മറച്ച് വച്ച സ്വത്ത്. ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടെത്തി വിജിലന്‍സ് മരവിപ്പിച്ചെങ്കിലും ഈ ഭൂമിയുടെ കാര്യം രജിസ്‌ട്രേഷന്‍ വകുപ്പുദ്യോഗസ്ഥരുടെ സഹായത്തോടെ സൂരജ് മറച്ച് വെക്കുകയായിരുന്നുവെന്നാണ് സൂചന.
ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ 1.12 ഏക്കര്‍ സ്ഥലമാണ് ടി ഒ സൂരജിന്റെ മകള്‍ ഡോ. റിസാനയുടെ പേരിലുള്ളത്. അനധികൃത സമ്പാദ്യത്തിന്റെ പേരില്‍ കേസ് നേരിടുന്നതിനാല്‍ സൂരജിന്റെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കള്‍ നിലവില്‍ ക്രയവിക്രയം നടത്താനാകില്ല. എന്നാല്‍ വിജിലന്‍സ് കണ്ടെത്തി മരവിപ്പിച്ച സ്വത്തുക്കളുടെ ലിസ്റ്റില്‍ പെടാതെ മറച്ച് വെച്ചാണ് ബേപ്പൂരിലെ ഭൂമി, കേസ് നടക്കുന്ന കാലയളലവില്‍ വിറ്റത്.
വിജിലന്‍സ് സംസ്ഥാനമൊട്ടുക്കും സൂരജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ കണക്കെടുത്തപ്പോള്‍ ഈ ഭൂമി ഒഴിവായത് ഉദ്യോഗസ്ഥര്‍ മറച്ച് വെച്ചത് കാരണമെന്ന് വ്യക്തം. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ചുമതല വഹിച്ച കാലയളവിലെ ബന്ധം ഇതിനായി സൂരജ് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2011ലാണ് ഭൂമി സൂരജ് വാങ്ങിയത്. രഹസ്യ സ്വഭാവം സൂക്ഷിക്കാനാണ് മീഞ്ചന്ത രജിസ്ട്രാറുടെ കീഴിലുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കോഴിക്കോടേക്ക് മാറ്റിയതെന്നും സൂചനയുണ്ട്.
അതേസമയം, ബേപ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ ഇടനിലക്കാര്‍ ചതിച്ചതാണെന്ന് സൂരജിന്റെ അഭിഭാഷകന്‍ മറുപടി നല്‍കിയെങ്കിലും സൂരജും ഇടനിലക്കാരും തമ്മില്‍ അടുത്ത ബന്ധമുള്ളതായാണ് പരാതിക്കാരന്റെ ആരോപണം. എറണാകുളത്ത് മകന്റെ പേരിലുള്ള ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടും സമാനമായ തട്ടിപ്പ് കേസ് പരാതി സൂരജിനെതിരെ നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam