Latest Videos

പാറ്റ്ന - എറണാകുളം എക്സ്പ്രസിൽ അങ്കമാലിയിൽ ഇറങ്ങിയ രണ്ട് യുവാക്കളെ സംശയം; ബാഗ് പരിശോധിച്ചപ്പോൾ 4 കിലോ കഞ്ചാവ്

By Web TeamFirst Published May 5, 2024, 5:58 PM IST
Highlights

ചാലക്കുടി സ്വദേശികളായ സുബീഷ്,  സുബിൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തിട്ടുണ്ട്.

എറണാകുളം: റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി. അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.  പാറ്റ്ന - എറണാകുളം ട്രെയിനിൽ വന്നിറങ്ങിയ ചാലക്കുടി സ്വദേശികളായ സുബീഷ്,  സുബിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. എന്നാൽ രണ്ടിടങ്ങളിലും ഇവ എത്തിച്ച ആളുകളെ കണ്ടെത്താൻ സാധിച്ചില്ല. പാലക്കാട് റെയിൽവെ സംരക്ഷണ സേനയുടെ ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചിരുന്ന ബാഗിൽ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധന കണ്ട് ഭയന്ന് ബാഗിന്റെ ഉടമ കഞ്ചാവ് സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ  ഉൾപ്പെടെ പരിശോധിച്ചു.

തിരൂരിൽ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‍ഫോമിൽ ആറ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് റെയിൽവെ സംരക്ഷണ സേനയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടിച്ചെടുത്തു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിന് അടിയിലാണ് ആറ് പൊതികൾ കണ്ടെത്തിയത്. കഞ്ചാവ് പൊതികൾ ഇവിടെ എത്തിച്ചയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!