
വയനാട്: മുട്ടിലിൽ മുറിച്ച മരം കടത്തിവിട്ട വയനാട് ലക്കിടി ചെക്ക് പോസ്റ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. ശ്രീജിത്ത് ഇ, പി വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്പെന്‍റ് ചെയതത്. റോജി അഗസ്റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ട് പോയ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണിവർ. മുട്ടിൽ കേസിൽ പാവപ്പെട്ട ചെക്പോസ്റ്റ് സ്റ്റാഫിനെ ബലിയാടാക്കി കേസ് തേച്ചുമാച്ച് കളയാൻ സൗത്ത് വയനാട് ഡിഎഫ്ഒ ശ്രമിക്കുകയാണെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു.
അതേസമയം കേസിൽ റോജി അഗസ്റ്റിൻ അടക്കം മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ നാളെ വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. പട്ടയഭൂമിയിലെ മരംമുറിക്ക് അനുമതി തേടി അപേക്ഷ നൽകിരുന്നു. 20 ദിവസമായിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് മരം മുറിച്ചതെന്നും പ്രതികൾ വാദിച്ചു. എന്നാൽ റിസർവ്വ് മരം തന്നെയാണ് പ്രതികൾ മുറിച്ചതെന്നും അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ നാളെ 2.30 നാണ് വാദം തുടരുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona