രോഗി മരിച്ചതിലെ സസ്പെൻഷൻ; ഡോക്ടർമാരെ ബലിയാടാക്കുന്നു, യഥാ‍‍ര്‍ത്ഥ പ്രശ്നം പരിമിതികളെന്ന് കെജിഎംസിറ്റിഎ

Published : Jun 21, 2022, 05:40 PM IST
രോഗി മരിച്ചതിലെ സസ്പെൻഷൻ; ഡോക്ടർമാരെ ബലിയാടാക്കുന്നു, യഥാ‍‍ര്‍ത്ഥ പ്രശ്നം പരിമിതികളെന്ന് കെജിഎംസിറ്റിഎ

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപക സംഘടന

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപക സംഘടന.  യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാരെയായിരുന്നു സംഭവത്തിൽ നേരത്തെസസ്പെൻഡ് ചെയ്തത്. എന്നാൽ ഈ നടപടി ഡോക്ടർമാരെ ബലിയാടാക്കുന്നതാണെന്നും യഥാർഥ പ്രശ്നം ജീവനക്കാരുടെയും മറ്റു പരിമിതികളുമാണെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. വിശദമായ അന്വേഷണം നടത്തതാതെ എടുത്ത നടപടി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30 ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു.  എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെന്ഡ് ചെയ്യുകയാണ് ഉണ്ടായത്. 

ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയണ്. ആശുപത്രികളുടെ പരിമിതികള്‍  കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ ത്യശ്ശൂരില്‍ സസ്പന്ഡ് ചെയ്യുകയുണ്ടായി.

വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെജിഎംസിറ്റിഎ ശക്തമായി പ്രതിക്ഷേധിക്കുന്നു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച്  നടപെടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്നു. 

അതേ സമയം ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാ നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെടുന്നു. മെഡിക്കല്‍ കോളേജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും ആവശ്യപ്പെടുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏകോപനത്തിൽ വീഴ്ച ഉണ്ടായോ എന്നും ഡോക്ടർമാർ അല്ലാത്തവർ കിഡ്നി ബോക്‌സ് എടുത്തതും പരിശോധിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു.

രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തി. ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്.  ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. രണ്ടര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നുമെത്തിച്ച വൃക്ക രോഗിയിൽ വെച്ചുപിടിപ്പിക്കാൻ നാല് മണിക്കൂർ വൈകിയെന്നാണ് പരാതി. വൃക്ക സ്വീകരിച്ച കാരക്കോണം സ്വദേശി സുരേഷ് കുമാർ ഇന്ന് മരിച്ചതോടെ സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണം പ്രഖാപിച്ചു. രോഗിയുടെ നില അതീവഗുരുതരമായിരുന്നുവെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

എറണാകുളം രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക്കമരണം സംഭവിച്ച ആളുടെ വൃക്കയുമായി ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ എത്തിയത് ഇന്നലെ വൈകീട്ട് 5.33 നാണ്. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ നിന്നുള്ള ഡോക്റുമുണ്ടായിരുന്നു. ഗ്രീൻ ചാനൽ വഴി മൂന്ന് മണിക്കൂ‌ർ കൊണ്ടാണ് അവയവമെത്തിച്ചത്. പക്ഷെ മെഡിക്കൽ കോളേജാശുപത്രിയിൽ അവയവമെത്തിച്ച സമയത്ത് വേണ്ടത്ര മുന്നൊരുക്കങ്ങളുണ്ടായില്ലെന്നാണ് പരാതി. അവയവം എങ്ങോട്ട് മാറ്റണമെന്നതിലടക്കം ആശയക്കുഴപ്പമുണ്ടായി. ഓപ്പറേഷൻ തിയേറ്റർ തുറക്കാൻ ഇരുപത് മിനുട്ടോളം വൈകി. കാരക്കോണം സ്വദേശി സുരേഷ് കുമാറിൽ വൃക്ക വെച്ച് പിടിപ്പിക്കുന്നത് എട്ടുമണിയോടെ മാത്രമെന്നാണ് പരാതി. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സുരേഷ് മരിക്കുന്നത്.

വൃക്ക മാറ്റിവയ്ക്കലിന് ശേഷം രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അതേ സമയം ശസ്ത്രിക്രിയക്ക് കാലതാമസം ഉണ്ടായെന്ന പരാതി ആശുപത്രി അധികൃതർ തള്ളി. അവയവമെത്തിക്കഴിഞ്ഞ ശേഷവും രോഗിയുടെ നില ഗുരുതരമായിരുന്നു. ഏഴ് മണിക്ക് ഡയാലിസിസ് പൂർത്തിയാക്കിയശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയെന്നാണ് വിശദീകരണം. രോഗിയുടെ ഗുരുതരസ്ഥിതി ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും