വലിയ ശൃംഖല പിന്നിലുണ്ടെന്ന കുറ്റസമ്മതമൊഴി ചൂണ്ടിക്കാട്ടി കോടതി; സ്വപ്നയ്ക്ക് ജാമ്യമില്ല

By Web TeamFirst Published Aug 21, 2020, 11:54 AM IST
Highlights

പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നാണ് സ്വപ്നസുരേഷ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചത്.

കൊച്ചി: സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് ചുമത്തിയ കേസിലും സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു.
 
ഹവാല, ബിനാമി ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും തനിക്കെതിരെ ഒരു തെളിവും ഹാജാരാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സ്വപ്നയുടെ പ്രധാന വാദം. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ വാദങ്ങള്‍ ശരിവെച്ചു കൊണ്ടാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടത്. 

കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാണെന്ന് കോടതി പറയുന്നു. അന്തരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് കള്ളക്കടത്തിന് പിന്നിലുണ്ടെന്നും താന്‍ ഇതിലെ കണ്ണിയാണെന്നും  സ്വപ്‍ന എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്.  ഈ റാക്കറ്റിലൂടെ 21 തവണ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയെന്നും മൊഴിയിലുണ്ട്.  

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണ്. മാത്രമല്ല, പ്രതിക്ക് സര്‍ക്കാരില്‍ ഉന്നത സ്വാധീനമുണ്ടെന്നാണ്  പ്രോസിക്യൂഷന്‍റെ വാദം. ഈ  സാഹചര്യത്തില്‍ അന്വേഷണത്തിന്‍റെ ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് വിധിയില്‍ ചുണ്ടിക്കാട്ടുന്നു. പ്രതിയുടെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ സംബന്ധിച്ച് നിരവധി ദുരൂഹതകളുണ്ടെന്ന് ഹര്‍ജി പരിഗണിക്കവേ  എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് വാദിച്ചിരുന്നു. 

മറ്റാര്‍ക്കോ വേണ്ടി സൂക്ഷിച്ച പണമാണിതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ വാദിച്ചു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കരുത് എന്നുമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് കോടതിയില്‍ വാദിച്ചത്. 

click me!