
കൊച്ചി: പൊലീസ് സംരക്ഷണം വേണമെന്ന ഹർജി പിൻവലിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ്. പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‍നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിജിലൻസ് മുൻ ഡയറക്ടർ എം.ആർ.അജിത് കുമാർ ഏജൻ്റിനെ പോലെ പ്രവർത്തിച്ചെന്നും ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ‍്‍ന വ്യക്തമാക്കി. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നും കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സ്വപ്‍ന വ്യക്തമാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്‍ന ഹർജി നൽകിയത്.
അതേസമയം തങ്ങൾക്ക് പോലും സുരക്ഷയില്ലെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ട്. കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
വെളിപ്പെടുത്തലിലെ ഗൂഢാലോചന: പ്രത്യേക അന്വേഷണ സംഘം യോഗം ചേരുന്നു
ഇതിനിടെ, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന്റെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി ഷെക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം ചേരുന്നത്. എഡിജിപിയുടെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സ്വപ്നയുടെ മൊഴിക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ പ്രത്യേക സംഘത്തിന് നൽകിയ നിർദ്ദേശം. ഓരോ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും. കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിലെ സാക്ഷിയായ സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.