
തിരുവനന്തപുരം : സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണത്തോടെ പ്രതികരിക്കാതെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വപ്ന പറഞ്ഞതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുൻ മന്ത്രിയായ കടകംപള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ചത്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചു.
'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു.
സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചു. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു.
ഹോട്ടൽ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ ആഘട്ടത്തിൽ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, മുൻ മന്ത്രിയായ തോമസ് ഐസക്കിനെതിരെയും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളും സ്വപ്ന ഉനന്യിച്ചു. പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam