'പിണറായിയുടെ ചിത്രമടക്കം ഉൾപ്പെടുത്തി ലുക്ക്ഔട്ട് നോട്ടീസ് പതിക്കും'; രണ്ടും കൽപ്പിച്ച് യൂത്ത് ലീ​ഗ് പ്രതിഷേധം

Published : Jun 10, 2022, 07:41 PM ISTUpdated : Jun 10, 2022, 07:42 PM IST
'പിണറായിയുടെ ചിത്രമടക്കം ഉൾപ്പെടുത്തി ലുക്ക്ഔട്ട് നോട്ടീസ് പതിക്കും'; രണ്ടും കൽപ്പിച്ച് യൂത്ത് ലീ​ഗ് പ്രതിഷേധം

Synopsis

ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് നാളെ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസ് അറിയിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) സ്വർണക്ക‌ടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh) ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് ലീ​ഗ് (Youth League). ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ പിണറായി വിജയന്റെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് നാളെ പ്രതിഷേധിക്കുമെന്ന് യൂത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷം ഉയർത്തുന്നത്.  കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ ഇന്ന് സംഘർഷമുണ്ടായി.

കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക്  കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.  പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. രണ്ട് പൊലീസുകാർക്കും ഒരു ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു.

കോട്ടയം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്  നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പിയും എറിഞ്ഞു.  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാൻ ശ്രമിച്ച ഒരു പ്രവർത്തകന് പരിക്കേറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ  പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും സംഘർ‍ഷമുണ്ടായി. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ്  ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ വയനാട് കോഴിക്കോട് പാത ഉപരോധിച്ചിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു. മുന്നറിയിപ്പില്ലാതെയാണ്  മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

തൃശ്ശൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് തള്ളി മാറ്റി. കളക്ട്രേറ്റിന് ഉള്ളിലേക്ക് കടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചു. റോ‍ഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ചാലക്കുടി എംപി ബെന്നി ബെഹ്നാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പതിനൊന്ന് മണിയോടെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചായി എത്തിയത്. സ്ത്രീകളടക്കം അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്. കെപിസിസി നിർവ്വാഹക സമിതി അംഗം എം ലിജു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘർഷ സാധ്യത ഒഴിവായി. 12.30 ഓടെ പ്രവർത്തകർ കളക്ട്രേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയി. 

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്