'സ്വപ്നയെ നിയമിച്ചതിൽ ഒരറിവും ഇല്ല, സംഘടനയിൽ നിയമവിരുദ്ധ നീക്കം', ബിജെപി നേതാവ് കൃഷ്ണകുമാർ

Published : Feb 18, 2022, 02:38 PM ISTUpdated : Feb 18, 2022, 02:40 PM IST
'സ്വപ്നയെ നിയമിച്ചതിൽ ഒരറിവും ഇല്ല, സംഘടനയിൽ നിയമവിരുദ്ധ നീക്കം', ബിജെപി നേതാവ് കൃഷ്ണകുമാർ

Synopsis

സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണം. സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും എസ് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്.

ദില്ലി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ്സിൽ നിയമിച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. എങ്ങനെയാണ് എച്ച്ആർഡിഎസ്സിൽ സ്വപ്നയെ നിയമിച്ചതെന്ന് തനിക്ക് ഒരു അറിവുമില്ല. സ്വപ്നയുടെ നിയമനം തന്നെ നിയമസാധുതയില്ലാത്തതാണ്. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതും എച്ച്ആർഡിഎസ് ചെയർമാനായ എസ് കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി (എച്ച്ആർഡിഎസ്) എന്ന സംഘടനയുടെ ചെയർമാനാണ് കഴിഞ്ഞ അഞ്ച് വർഷമായി എസ് കൃഷ്ണകുമാർ. സെക്രട്ടറി അജി കൃഷ്ണനും ചീഫ് പ്രോജക്ട് കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ജോയ് മാത്യു എന്ന ഉദ്യോഗസ്ഥനും രണ്ട് സ്ത്രീ ജീവനക്കാരും ചേർന്ന് സംഘടനയിൽ അഴിമതി നടത്തുകയാണ്. സമാന്തരമായി വേറൊരു ഡയറക്ടർ ബോർഡ് ഉണ്ടാക്കി, അതിൽ വേറെ ആളുകളെ കുത്തിക്കയറ്റി. തന്നെ വരെ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന പ്രചാരണമാണ് അവർ നടത്തുന്നത്. നിയമപരമായി താൻ തന്നെയാണ് ചെയർമാൻ. അജി കൃഷ്ണൻ ഈ സ്ഥാപനത്തിന്‍റെ പേര് അടക്കം പറഞ്ഞ് എൻഡിഎ മുന്നണിയിൽ നിന്ന് പല ആനുകൂല്യങ്ങളും പറ്റിയെന്നും ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ്സിന്‍റെ ബാനറിൽ അനുജൻ ബിജു കൃഷ്ണന് സീറ്റ് ഒപ്പിച്ചെടുത്തുവെന്നും എസ് കൃഷ്ണകുമാർ ആരോപിക്കുന്നു. 

ചെയർമാൻ എന്ന നിലയിൽ തന്‍റെ ഒപ്പടക്കം പല രേഖകളിലും അവർ വ്യാജമായി ഉപയോഗിച്ചിട്ടുണ്ട്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് അടക്കം ശേഖരിക്കാനായി ഒരു ഡയറക്ടറുടെ ആവശ്യം ആ സംഘടനയില്ല. വിദേശത്ത് നിന്ന് അടക്കം ഇത്രയധികം ഫണ്ട് വരുന്ന ഒരു എൻജിഒ അല്ല അത്. ചില്ലറ ഫണ്ട് ചിലയിടങ്ങളിൽ നിന്ന് വരുന്നുണ്ടെന്നല്ലാതെ ഇതിൽ വലിയൊരു ഫണ്ട് ശേഖരണം നിലവിൽ നടക്കുന്നില്ല. എന്തെല്ലാമാണ് ഈ സംഘടനയുടെ പേരിൽ നടക്കുന്ന ഇടപാടുകളെന്നോ ഇവിടത്തെ നിയമനങ്ങൾ എന്തെന്നോ തനിക്ക് ഒരു പിടിയുമില്ലെന്നും എസ് കൃഷ്ണകുമാർ പറയുന്നു. 

എൻജിഒയുടെ സെക്രട്ടറി അജി കൃഷ്ണനും ജോയ് മാത്യു അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും, കഴിഞ്ഞ അഞ്ച് വർഷമായി ഈ സംഘടനയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പണമിടപാടുകളും സംബന്ധിച്ച് വരവ് ചെലവ് ഓഡിറ്റ് നടത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവുമായും താൻ സഹകരിക്കാൻ തയ്യാറാണെന്നും എസ് കൃഷ്ണകുമാർ വ്യക്തമാക്കി. 

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി ഇന്ന് രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോലിയിൽ പ്രവേശിച്ചത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആർഡിഎസ്. വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി. 

ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന എൻജിഒ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസശമ്പളം നാൽപ്പത്തിമൂവായിരം രൂപയാണ്. 

വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളിൽ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തിൽ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു. 

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്  സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
'പൊലീസ് വാഹനത്തിന് കൈ കാണിച്ച അമ്മയ്ക്ക് സംഭവിച്ചത്', സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ