സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് തൻ്റേത് തന്നെയെന്ന് സ്വപ്ന സുരേഷ്

By Web TeamFirst Published Nov 19, 2020, 11:58 AM IST
Highlights

ശബ്ദം തൻ്റേതാണെങ്കിലും അതെപ്പോൾ സംസാരിച്ചതാണെന്ന് ഓർമ്മയില്ല എന്നാണ് ജയിൽ വകുപ്പ് ഡിഐജിയോട് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ കേന്ദ്ര ഏജൻസികളിൽ നിന്നും സമ്മർദ്ദമുണ്ടെന്ന പറയുന്നതായി പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേത് തന്നെയാണെന്ന് സ്വപ്ന സുരേഷ്. ഇക്കാര്യം അന്വേഷിക്കാൻ എത്തിയ ദക്ഷിണമേഖല ജയിൽ ഡിഐജിയോടെയാണ് സ്വപ്ന സുരേഷ് ഇക്കാര്യം സമ്മതിച്ചത്. 

ശബ്ദം തൻ്റേതാണെങ്കിലും അതെപ്പോൾ സംസാരിച്ചതാണെന്ന് ഓർമ്മയില്ല എന്നാണ് ജയിൽ വകുപ്പ് ഡിഐജിയോട് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. ഒക്ടോബർ 14-നാണ് താൻ അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തിൽ അമ്മയുമായി ഫോണിൽ സംസാരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് താൻ ഭർത്താവിനേയും മക്കളേയും അമ്മയേയും കണ്ടതും. 

കസ്റ്റഡിയിലിരിക്കുമ്പോൾ ശബ്ദം റിക്കോർഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ജയിൽ വകുപ്പിൻ്റെ നിഗമനം. തൻ്റെ അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ തന്നെ ഐജി ജയിൽ മേധാവി റിഷിരാജ് സിംഗിന് സമർപ്പിക്കും. സ്വപ്ന സുരേഷിൻ്റെ പേരിലുള്ള ശബ്ദ രേഖ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജയിൽ മേധാവി റിഷിരാജ് സിംഗ് ദക്ഷിണമേഖല ജയിൽ വകുപ്പ് ഡിഐജിയോട് നിർദേശിച്ചത്. തുടർന്ന് ഡിഐജി ഇന്ന് നേരിട്ട് അട്ടക്കുളങ്ങര ജയിലിൽ എത്തി സ്വപ്നയെ കാണുകയായിരുന്നു. കോടതി അനുമതി പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയെ ചോദ്യം ചെയ്യാനായി ഇന്ന് ജയിലിൽ എത്തിയിട്ടുണ്ട്. 

click me!