സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം: കേസെടുത്ത് അന്വേഷണം വേണോ? എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും

By Web TeamFirst Published Nov 20, 2020, 5:58 AM IST
Highlights

സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ അടിമുടി ആശയക്കുഴപ്പവും ദുരൂഹതയും തുടരുകയാണ്. സംഭവത്തില്‍ കേസെടുത്താലും അത് നിലനിൽക്കുമോ എന്നാണ് ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശം തേടിയത്. 

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോ എന്നതിൽ എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും. ശബ്ദം തന്‍റെതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തിൽ എങ്ങിനെ കേസെടുക്കുമെന്നതിൽ പൊലീസിൽ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.

സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ അടിമുടി ആശയക്കുഴപ്പവും ദുരൂഹതയും തുടരുകയാണ്. ജയിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിൽ വെട്ടിലായ ജയിൽവകുപ്പ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടു. പക്ഷെ ശബ്ദം തന്‍റെതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. കേസെടുത്താലും അത് നിലനിൽക്കുമോ എന്നാണ് ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശം തേടിയത്. 

അതേസമയം അട്ടക്കുളങ്ങര ജയിലിൽ നിന്നല്ല ശബ്ദസന്ദേശം ചോർന്നതെന്ന നിലപാടിൽ ജയിൽവകുപ്പ് ഉറച്ചുനിൽക്കുന്നു. അമ്മയുടേയും ഭർത്താവിൻറെയും മകളുടേയും നമ്പറുകൾ മാത്രമാണ് വിളിക്കാനായി സ്വപ്ന ജയിലധികൃതർക്ക് നൽകിയത്. ഒരു തവണ അമ്മയെ മാത്രമേ സ്വപ്ന വിളിച്ചിട്ടുള്ളൂ എന്നാണ് ജയിൽവകുപ്പ് ആവർത്തിക്കുന്നത്. അതേസമയം ഫോൺ സംഭാഷണമാണ് റെക്കോർഡ് ചെയ്തതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിന്‍റെ സംശയം. എവിടെ നിന്നും ആരെ വിളിച്ചു, ആര് പുറത്തുവിട്ടു എന്നതിലാണ് അവ്യക്തത. 

ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന സ്വപ്നയുടെ നിർണ്ണായകത മൊഴിഉണ്ടെന്ന് കോടതിയെ അറിയിച്ച ഇഡി ശബ്ദസന്ദേശത്തോടെ വെട്ടിലായി. ശിവശങ്കറിനറെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡികൊടുത്ത റിപ്പോർട്ടിൽ കോടതിയും സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെ വന്ന ശബ്ദരേഖ സർക്കാർ ഇഡിക്കെതിരെ ആയുധമാക്കുമ്പോൾ ശബ്ദസന്ദേശ ചോർച്ച സർക്കാറിനെതിരെ പ്രയോഗിക്കുകയാണ് പ്രതിപക്ഷം.

click me!