ഈ വര്‍ഷം സിലബസ് വെട്ടിച്ചുരുക്കില്ല; ഡിസംബറില്‍ സ്‍കൂള്‍ തുറക്കാമെന്ന് പ്രതീക്ഷ, തത്കാലം ഓണ്‍ലൈന്‍ പഠനം തുടരും

By Web TeamFirst Published Aug 20, 2020, 6:55 AM IST
Highlights

കഴിഞ്ഞ ദിവസം ചേ‍ർന്ന കരിക്കുലം കമ്മിറ്റിയാണ് സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനം എടുത്തത്. ഇതിനകം തന്നെ ജൂൺ ജൂലൈ മാസത്തെ അദ്ധ്യയനം നഷ്ടപ്പെട്ടു കഴിഞ്ഞു.

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്‍കൂളുകളുടെ സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും തുടർ പഠനകാര്യത്തിൽ പലതരം നിർദേശങ്ങൾ പരിഗണനയിൽ. ഡിസംബറിലെങ്കിലും ക്ലാസ് തുറക്കാനായാൽ ഏപ്രിൽ മെയിലെ അവധി റദ്ധാക്കിക്കൊണ്ട് അദ്ധ്യയനം നടത്താനാവുമെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ കേന്ദ്ര തീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കഴിഞ്ഞ ദിവസം ചേ‍ർന്ന കരിക്കുലം കമ്മിറ്റിയാണ് സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനം എടുത്തത്. ഇതിനകം തന്നെ ജൂൺ ജൂലൈ മാസത്തെ അദ്ധ്യയനം നഷ്ടപ്പെട്ടു കഴിഞ്ഞു. ഓഗസ്റ്റിൽ ക്ലാസ് തുറക്കുക അസാധ്യവുമാണ്. പക്ഷേ സിലബസ് വെട്ടിച്ചുരുക്കുകയാണെങ്കിൽ അത് അടുത്ത വർഷത്തെ പഠന തുടർച്ചയെ ബാധിക്കുമെന്നതിനാലാണ് കരിക്കുലം, സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനത്തിൽ എത്താൻ കാരണം. 

കരിക്കുലം കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും തീരുമാനത്തിനൊപ്പമാണെങ്കിലും തുടർ പഠനം എങ്ങനെ എന്ന കാര്യത്തിൽ ഇപ്പോഴും ആലോചന നടക്കുകയാണ്. പഠനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കാൻ എസ്ഇആർടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമതി രൂപീകരിച്ചു. തൽക്കാലം ഓൺലൈൻ പഠനം തുടരാമെന്നും ഡിസംബറോടെ സ്കൂളുകൾ തുറക്കാനാവുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. 

അങ്ങനെ വന്നാൽ അദ്ധ്യയന വർഷം നഷ്ടമാകാത്ത രീതിയിൽ ഏപ്രിൽ മെയ് മാസങ്ങളിലെ അവധി ഒഴിവാക്കിയും ശനിയാഴ്ച ക്ലാസുകൾ വച്ചും ക്രമീകരണം നടത്താമെന്നാണ് ഒരു നിർദേശം. ലോക്ക് ഡൗണ്‍ സമയത്ത് അവധികൾ ലഭിച്ചതിനാൽ ഇനിയൊരു അവധി വേണ്ട എന്നും നിർദേശമുണ്ട്. അങ്ങനെ വന്നാൽ ജൂണിൽ അന്തിമ പരീക്ഷ നടത്താം. എന്നാൽ ഇത്തരത്തിലുള്ള ബദൽ നിർദേശങ്ങൾ കേന്ദ്ര നിലപാടിന് അനുസരിച്ച് മാത്രമേ പ്രാവർത്തികമാവു. കേന്ദ്രം നിർദേശിക്കുന്നതിന് അനുസരിച്ചേ സ്കൂൾ തുറക്കാനാവു എന്നതിനാൽ അവ്യക്തതകൾ തുടരുകയാണ്. 

click me!