പുറത്താക്കിയ കുഫോസ് വിസിക്കായി അഭിഭാഷകനെ നിയോഗിക്കും, തീരുമാനം ഗവേണിംഗ് കൗൺസില്‍ യോഗത്തില്‍

By Web TeamFirst Published Dec 3, 2022, 5:33 PM IST
Highlights

കുഫോസ് വിസിയായി റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ കുഫോസ് ആക്ടിംഗ്  വിസിയായി  ഡോ. എം റോസലിന്‍ഡ് ജോർജിനെ  നിയമിച്ചിരുന്നു.

തിരുവനന്തപുരം: കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ച് സർവകലാശാല ഗവേണിംഗ് കൗണ്‍സിൽ. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. സർവകലാശാല ധനകാര്യ വിഭാഗത്തിന്‍റെ അഭിപ്രായം തേടാതെയാണ് തിടുക്കപ്പെട്ട നീക്കങ്ങൾ. അഭിഭാഷകന് വേണ്ടി നൽകേണ്ട ഫീസ് തനത് ഫണ്ടിൽ നിന്നാണ് ചെലവഴിക്കേണ്ടത്. വിദ്യാർത്ഥികൾ നൽകുന്ന ഫീസിൽ നിന്നടക്കം ഇതിനായി തുക വകമാറ്റേണ്ടി വരും. റിജി ജോണിന്‍റെ ഭാര്യ റോസ്‍ലിന്‍ ജോർജിനെയാണ് താത്കാലിക വിസിയായി നിയമിച്ചത്. റോസ്‍ലിന്‍ ജോർജിന്‍റെ നടപടികൾക്കെതിരെയും ആക്ഷേപങ്ങളുണ്ട്. റോസ്‍‍ലിന്‍ ജോർജിന് ഇടത് സംഘടനകളുടെയും പിന്തുണയുണ്ട്.

കുഫോസ് വിസിയായി റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ കുഫോസ് ആക്ടിംഗ്  വിസിയായി  ഡോ. എം റോസലിന്‍ഡ് ജോർജിനെ  നിയമിച്ചിരുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയിരുന്നില്ല. കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതാണ്. യുജിസി ചട്ടം ബാധകമല്ല. എന്നാല്‍ ഹൈക്കോടതി ഇത് കണക്കിൽ എടുത്തില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷക ആനി മാത്യുവാണ് റിജി ജോണിനായി ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി. 

 

click me!