
തിരുവനന്തപുരം: കേരള സർവ്വകലാശാല എൻജിനീയറിംഗ് കോളേജ് അധ്യാപക തട്ടിപ്പിൽ കോളേജിലെത്തി സിൻഡിക്കേറ്റ് അംഗത്തിന്‍റെ ഭീഷണി. മാധ്യമങ്ങൾക്ക് ഇനി പരാതി പോയാൽ കോളേജ് പൂട്ടുമെന്ന് സിൻഡിക്കേറ്റ് അംഗം ജെ ജയരാജ് അധ്യാപകരോട് പറഞ്ഞു. സർവ്വകലാശാല അഭിഭാഷകനോട് ചോദിച്ചിട്ടാണ് കേരള ഹൈക്കോടതിയിലെ എല്ലാ ബഞ്ചും വിധി പറയുന്നതെന്നും സിൻഡിക്കേറ്റ് അംഗം വീമ്പ് പറയുന്നു.
കേരള സർവ്വകലാശാലക്ക് കീഴിലെ എൻജിനീയറിംഗ് കോളേജിൽ കരാർ അധ്യാകരുടെ തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. നാൽപത്തിയഞ്ച് അധ്യാപകരിൽ 20 പേർ തമിഴ്നാട്ടിലെ കോളേജിൽ എംടെക്കിന് പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത ദിവസങ്ങളിൽ കാര്യവട്ടത്തെ കോളേജിലെത്തി ഒപ്പിട്ട് ശമ്പളം വാങ്ങിയ രേഖകൾ പുറത്തുവിട്ടിരുന്നു. ഈ വാർത്തക്ക് പിന്നാലെയാണ് സിൻഡിക്കേറ്റ് അംഗം ജയരാജ് കോളേജിലെത്തി. എല്ലാ അദ്ധ്യാപകരുടെയും യോഗം വിളിച്ചത്. പ്രശ്നം തുടർന്നാൽ കോളേജ് പൂട്ടുമെന്നാണ് ഭീഷണി.
2017 ൽ സർവ്വകലാശാല വൈസ് ചാൻസലർ മൂന്ന് അധ്യാപകരെ പുറത്താക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ അന്ന് കരാർ അദ്ധ്യാപകർ വാങ്ങിയ സ്റ്റേ നീക്കാൻ മൂന്ന് വർഷമായിട്ടും സർവ്വകലാശാല ഹർജി നൽകിയിട്ടില്ല. നിയമ നടപടികളിൽ ഹൈക്കോടതിയെ പോലും അപമാനിച്ചാണ് സിൻഡിക്കേറ്റ് അംഗത്തിന്‍റെ ഭീഷണി. തട്ടിപ്പ് നടത്തിയ അധ്യാപകർക്ക് കുടപിടിക്കുന്ന സർവ്വകലാശാല നടപടിയാണ് ഈ ശബ്ദരേഖയോടെ പുറത്താക്കുന്നത്. ഹൈക്കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സിൻഡിക്കേറ്റ് അംഗത്തിന്‍റെ പരാമർശങ്ങളിൽ സർവ്വകലാശാലയും നിലപാട് വ്യക്തമാക്കേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam