സിറോമലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരണം നവംബര്‍ 28 മുതല്‍

By Web TeamFirst Published Aug 27, 2021, 8:19 PM IST
Highlights

സിനഡ് തീരുമാനത്തിനെതിരെ മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന നടത്തുമെന്നും സമിതി അറിയിച്ചു. 

കൊച്ചി: സിറോമലബാർ സഭയിൽ കുര്‍ബാന ഏകീകരണം നവംബർ 28 മുതൽ നടപ്പാക്കും. വാർത്താക്കുറിപ്പിലൂടെയാണ് സിനഡ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച് തീരുമാനം നടപ്പാക്കണം. തീരുമാനം ഒരുമിച്ച് നടപ്പാക്കാൻ സാവകാശം വേണ്ടവർ ആദ്യഘട്ടമായി കത്തീഡ്രൽ പള്ളി, തീർത്ഥാടന ഭവനങ്ങൾ എന്നിവിടങ്ങളിൽ നടപ്പാക്കണം. സിനഡ് തീരുമാനത്തിനെതിരെ മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന നടത്തുമെന്നും സമിതി അറിയിച്ചു. 

കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ  ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു.    ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു. ഈ രീതികൾ ഏകോപിപ്പിക്കുകയാണ്  ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ ചെയ്യുന്നത്. ഇനി മുതൽ കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമാകും, പ്രധാനഭാഗം പൂർണ്ണമായി അൾത്താരയ്ക്ക് അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യം കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!