
കൊച്ചി : തീരദേശ മേഖലയിൽ ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ. എറണാകുളത്ത് ചേർന്ന സിനഡ് സമ്മേളനം ആണ് സർക്കാരിനോട് സത്വര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടത്. ബഫർസോൺ വിഷയത്തിലും സർക്കാരിന്റെ ഉചിതമായ നടപടി വേണമെന്ന് സിനഡ് സമ്മേളനം ആവശ്യപ്പെട്ടു.കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആണ് സിനഡ് സമ്മേളനം നടക്കുന്നത്.
അതിനിടെ, തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം ലത്തീൻ രൂപതയുമെത്തി. മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയിൽ, ബിഷപ്പ് പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ദീപം തെളിച്ച് പ്രതിഷേധിച്ചു. സർക്കാരിന്റെ ഇടപെടലിൽ വിശ്വാസമില്ലെന്ന് ബിഷപ് പോൾ ആന്റണി പ്രതികരിച്ചു. മുമ്പ് ഉണ്ടായിരുന്ന ഇടപെടലിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ മാറ്റി നിർത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. വല്ലാർപാടം ടെർമിനലിന്റെ കാര്യത്തിലും പ്രളയസമയത്തും മത്സ്യത്തൊഴിലാളികളോട് വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ എല്ലാം കഴിഞ്ഞു യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും കൊല്ലത്തേത് സൂചന സമരം മാത്രമാണെന്നും ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി വിശദീകരിച്ചു.
കൊലക്ക് ശേഷം പ്രതികളെത്തിയത് ബാറിൽ, ഷാജഹാൻ കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അതേ സമയം, പ്രതിഷേധങ്ങൾ കടുത്തതോടെ മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതി ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്നും മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്നുമാണ് സർക്കാർ നിലപാട്.
അതേസമയം തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി വിഴിഞ്ഞം തുറമുഖ കവാടം മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും പ്രതിഷേധസൂചകമായി കരിങ്കൊടി ഉയർത്തി. ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല. പുറത്ത് നിന്നുള്ളവരാണ് സമരം നടത്തുന്നതെന്ന തുറമുഖ മന്ത്രിയുടെ പരാമർശത്തിനെതിരെയും പ്രതിഷേധം ഉയർന്നു.