സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ് പിൻവലിക്കില്ല, രേഖയുടെ ഉറവിടം കണ്ടെത്തണമെന്ന് സിനഡ്

Published : Mar 20, 2019, 10:34 PM ISTUpdated : Mar 20, 2019, 11:46 PM IST
സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ് പിൻവലിക്കില്ല, രേഖയുടെ ഉറവിടം കണ്ടെത്തണമെന്ന് സിനഡ്

Synopsis

ഭൂമി വിവാദത്തിന് പിന്നാലെ സിറോ മലബാർ സഭയെ ഉലച്ച വ്യാജ രേഖ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തരസിനഡ് ചേർന്നത്.

കൊച്ചി: സിറോ മലബാർ സഭയെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖക്കേസ് ഒത്തുതീർക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടെന്ന് സഭാ സിനഡ്. ചർച്ച ചെയ്യാൻ കാക്കനാട് സഭാ ആസ്ഥാനത്ത് ചേർന്ന അടിയന്തരസിനഡിലാണ് തീരുമാനം. ഭൂമി വിവാദത്തിന് പിന്നാലെ സിറോ മലബാർ സഭയെ ഉലച്ച വ്യാജ രേഖാ വിവാദം ചർച്ച ചെയ്യാനാണ് അടിയന്തരമായി സിനഡ് വിളിച്ചു ചേർത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും സിനഡിൽ പങ്കെടുത്തിരുന്നു. 

കേസ് പിൻവലിച്ച് ഒത്തുതീർപ്പിന് സാധ്യതയുണ്ടോ എന്ന കാര്യം ആദ്യം സിനഡ് പരിഗണിച്ചിരുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഇത്തരമൊരു ചർച്ച വന്നത്. എന്നാൽ ഒത്തു തീർപ്പോ കേസ് പിൻവലിക്കലോ വേണ്ടെന്നും വ്യാജരേഖ എവിടെ നിന്ന് വന്നു എന്ന കാര്യം കണ്ടെത്തണമെന്നും സിനഡിൽ അഭിപ്രായമുയർന്നു. തുടർന്നാണ് കേസിൽ ഒരു ഒത്തുതീർപ്പും വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും തീരുമാനമായത്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും സത്യദീപം എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും പോലീസ് കേസെടുത്തിരുന്നു. പരാതിക്കാരനായ വൈദികൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ നടപടി. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്‍റെ എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. തൊട്ടു പിന്നാലെയാണ്   പരാതിക്കാരനായ വൈദികന്‍റെ  മൊഴിയുടെ അടിസ്ഥാനത്തിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്.  

ഫാദർ പോൾ തേലക്കാട് നിർമ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വഴി സിനഡിന് മുന്നിൽ ഹാജരാക്കിയെന്നായിരുന്നു വൈദികന്‍റെ  മൊഴി. കർദ്ദിനാൾ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു നടപടിയെന്നാണ് മൊഴിയിലുള്ളത്.

സിറോ മലബാർ സഭ ഐടി മിഷൻ ഡയറക്ടറായ ഫാദർ ജോബി മാപ്രക്കാവിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാദർ പോൾ തേലക്കാട് ഒന്നാം പ്രതിയും അപ്പോസ്തലിക്  അഡ്മിനിസ്ട്രേറ്റർ രണ്ടാം പ്രതിയുമായത്. ബിഷപ്പിനെതിരെ വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

പരാതിക്കാരന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികനൊപ്പം പ്രാഥമികമായി പ്രതി ചേർത്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ബിഷപ്പ് സിനഡിന് സമർപ്പിച്ചത് വ്യാജരേഖയാണോ ബിഷപ്പിനും വൈദികനും ഇക്കാര്യത്തിൽ അറിവുണ്ടോ എന്നതെല്ലാം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളൂ. അതേസമയം, കർദ്ദിനാളിനെതിരായ വ്യാജ രേഖാ കേസിൽ തന്നെക്കൂടി പ്രതി ചേർത്തതിൽ കടുത്ത എതി‍ര്‍പ്പിലാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്. 

വൈദികരുടെ ഓൺഗോയിംഗ് ഫോർമേഷൻ യോഗത്തിൽ സംഭവം ഖേദകരമായിപ്പോയെന്ന് ബിഷപ്പ് അറിയിച്ചു. താൻ വ്യാജ രേഖ ചമച്ചിട്ടില്ലെന്നാണ് ഫാദർ പോൾ തേലക്കാടും വിശദീകരിക്കുന്നത്. സഭയിൽ വിവാദമായ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരായ നിലപാടെടുത്ത വിമത വൈദികർക്കൊപ്പമായിരുന്നു പോൾ തേലക്കാട്. ഇപ്പോഴത്തെ പരാതി ഇതിലുള്ള  പ്രതികാരമായാണ് ഒരു വിഭാഗം വൈദികർ കാണുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു