
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി സീറോ മലബാർ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അവലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സിറോ മലബാര്‍സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിലാണ് സഭ പ്രതിഷേധം അറിയിച്ചത്. ഛത്തീസ്ഗഡ് വിഷയത്തിൽ തങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്ന നിലപാടാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വീകരിച്ചത്. എന്നാൽ രാഷ്ട്രീയപാർട്ടിയെ സംരക്ഷിക്കുന്നതിനായി അനവസരത്തിലുള്ള പ്രസ്താവനകൾ വഴി ആർച്ച് ബിഷപ്പിനെ പൊതുസമൂഹത്തിന് മുന്നിൽ ആക്രമിക്കുകയാണ് ചെയ്തത്. സീറോ മലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രതിപത്തിയില്ല. ആർച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ പൊതു നിലപാടാണ്. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഛത്തീസ്ഗഡില്‍ മലയാളി നഴ്സുമാര്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പാംപ്ലാനി നടത്തിയ പ്രതികരണത്തിനെതിരെ എംവി ഗോവിന്ദന്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സംഭവത്തില്‍ പാംപ്ലാനി കേന്ദ്രഗവണ്‍മെന്‍റിന് നന്ദി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോൾ സഭ വ്യക്തമാക്കുന്നത്, തെറ്റ് ചെയ്യുമ്പോൾ തെറ്റാണെന്നും ശരി ചെയ്യുമ്പോൾ ശരിയാണെന്നും പറയുന്നതാണ് സഭയുടെ രീതി. ആർക്ക് നന്ദി പറയണം ആരെ വിമർശിക്കണം എന്ന കാര്യത്തിൽ തങ്ങളുടെ നിലപാടിൽ ഇടപെടാൻ ഒരു രാഷ്ട്രീയപാർട്ടിക്കും അവകാശമില്ല. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സമുന്നതരായ നേതാക്കളെ അംഗീകരിക്കുന്നു. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയപാർട്ടികളും അവരുടെ നേതാക്കളും സഭയോടും കാണിക്കണം. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ കടന്നാക്രമിക്കുന്ന നിലപാടുകളിൽ നിന്ന് പിന്മാറണമെന്നും സീറോ മലബാർ സഭ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam