
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല. ഒരു വകുപ്പിനും ഉത്തരവാദികൾ ഇല്ല. ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെ സംരക്ഷിക്കുന്നതിനായി വിജിലൻസ് മാന്വൽ അട്ടിമറിച്ചു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ശരിവെക്കാനുള്ള അംഗീകാരമില്ല. വിജിലൻസ് കേസുകളിൽ കോടതിയാണ് റിപ്പോർട്ട് അംഗീകരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തെറ്റുകാരനായ എഡിജിപി അജിത്കുമാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംഭവത്തിൽ പരാതിക്കാരന്റെ മൊഴി എടുക്കാനും തയാറാകുന്നില്ല. കോടതിയിൽ ജഡ്ജ് നടത്തിയത് ഗുരുതരമായ പരാമർശങ്ങളാണ്. മുഖ്യമന്ത്രിയെയും കോടതി വിമർശിച്ചു. മുഖ്യമന്ത്രി ആഭ്യന്ത വകുപ്പ് ഒഴിയുക തന്നെ വേണം. ഇനി തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിവി അൻവറുമായി എഡിജിപി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശം പ്രകാരമാണ് ചർച്ച നടത്തിയതെന്ന് ADGP വ്യക്തമാക്കുകയും ചെയ്തു. ഇത് അധികാര ദുർവിനിയോഗമാണ്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. വിജിലൻസിന്റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ പോലും മുഖ്യമന്ത്രിയുടെ സ്വകാര്യ താല്പര്യമാണ് ഉള്ളത്. മുഖ്യമന്ത്രിക്ക് വേണ്ടി ആർഎസ്എസ് നേതാക്കളെ കണ്ടതും പൂരം കലക്കിയതും എഡിജിപി ആണ്. ഇതിനുള്ള പ്രത്യുപകാരമാണ് വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കേരളത്തിൽ വിവിധയിടങ്ങളിലായി പാലങ്ങൾ പൊളിഞ്ഞുവീഴുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ പേരിൽ ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ കേസ് എടുത്തു. അങ്ങനെയാണെങ്കിൽ മുഹമ്മദ് റിയാസിനെതിരെ എത്ര കേസുകളാണ് എടുക്കേണ്ടത്. പൊതുമരാമത്ത് വകുപ്പിൽ അഴിമതി നടക്കുകയാണ്. ദേശീയപാത നിർമാണത്തിലും ഇത് നടക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ സമ്പൂർണ പുനർസംഘടന ഇല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആവശ്യം ഉള്ള ഇടത്ത് കൂട്ടിച്ചേർക്കൽ മാത്രമാണ് നടക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.